ഉഗാണ്ടയിൽ 'മലയാളി' ഫ്രം ഇന്ത്യ; പാര ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡലടിക്കാൻ കോഴിക്കോട് സ്വദേശി നിതിൻ ഇറങ്ങും

Saturday 29 June 2024 4:39 PM IST

കോഴിക്കോട്: അടുത്ത മാസം ഉഗാണ്ടയിൽ വച്ച് നടക്കുന്ന പാര ബാഡ്മിന്റൺ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ മെഡൽ പ്രതീക്ഷകളുമായി പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ അംഗമായതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ നിതിൻ കെ.ടി. വിവിധ വിഭാഗങ്ങളിലായി ഇന്ത്യയിൽ നിന്നുള്ള അമ്പതംഗ ടീമിൽ ഒറ്റ മലയാളിയായും കൂടിയാണ് നിതിൻ ഉൾപ്പെട്ടിരിക്കുന്നത്. ഉയരം കുറഞ്ഞവരുടെ വിഭാഗത്തിൽ മത്സരിക്കുന്ന നിതിൻ അടുത്തിടെ ജംഷദ്പൂരിൽ വച്ച് നടന്ന നാഷണൽ പാരബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ സ്വന്തമാക്കിയിട്ടുണ്ട്. ജൂലായ് ഒന്ന് മുതൽ എട്ട് വരെ നടക്കുന്ന മത്സരത്തിൽ ഇന്ത്യയ്ക്കായി മെഡൽ നേട്ടം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നിതിനും സംഘവും.

കായിക രംഗത്തേക്ക് 2018ൽ ഹരിയാനയിൽ വച്ച് നടന്ന അത്ലറ്റിക്ക് മീറ്റിൽ പങ്കെടുത്തതോടെയാണ് നിതിൻ കായികരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. കേരളത്തിൽ നിന്ന് സംസ്ഥാന തലത്തിലുള്ള മത്സരത്തിന് ശേഷമായിരുന്നു ഹാരിയാനയിൽ നടന്ന മീറ്റിൽ ഇടം നേടിയത്. ജംഷദ്പൂരിൽ വച്ച് നടന്ന ബാഡ്മിന്റൺ ടൂർണമെന്റിലെ മെഡൽ നേട്ടം നിതിന് സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലേക്കും (സായി) വഴി തുറന്നു. കഴിഞ്ഞ ഒന്നരമാസത്തോളായി സായിയുടെ പരിശീലനത്തിലാണ് നിതിൻ.

സ്പോൺസർഷിപ്പ് ലഭിച്ചാൽ ജപ്പാനിലേക്ക് ഉഗാണ്ട ടൂർണമെന്റിന് ശേഷം സ്പോൺസർഷിപ്പ് ലഭിച്ചാൽ ജപ്പാനിലും ഇന്തോനേഷ്യയിലും നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് നിതിൻ. ബാഡ്മിന്റൺ വിഭാഗത്തിൽ റാങ്കിംഗ് ലഭിക്കണമെങ്കിൽ ഓപ്പൺ വിഭാഗത്തിൽ മത്സരിക്കണം. റാങ്കിംഗ് ലഭിച്ചാൽ മാത്രമേ ഏഷ്യൻ ഗെയിംസ്, പാരാഒളിംപിക് ഗെയിംസ് തുടങ്ങിയ മത്സരങ്ങളിൽ നിതിന് പങ്കെടുക്കാൻ സാധിക്കൂ.

കേരളത്തിന്റെ പിന്തുണ വേണം മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ നിന്നുള്ള പിന്തുണ വളരെ കുറവാണെന്ന് നിതിൻ കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു. 'അടുത്തിടെ ഞങ്ങളുടെ പാര അസോസിയേഷനെ സ്‌പോർട്സ് കൗൺസിൽ അംഗീകരിച്ചിരുന്നു. എന്നാൽ നാഷണൽ ലെവൽ ടൂർണമെന്റിൽ പങ്കെടുക്കാൻ ആവശ്യമുള്ള പരിശീലനം ഒന്നും തന്നെ അവരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നില്ല. തമിഴ്നാട്, രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങൾ മെഡൽ നേട്ടം കൈവരിച്ചവർക്ക് പാരിതോഷികം, പരിശീലനത്തിന് ആവശ്യമായ ധനസഹായം തുടങ്ങിയവ നൽകുന്നുണ്ട്. ഞങ്ങൾക്ക് ഇതുവരെ അത്തരത്തിലുള്ള സഹായം ഒന്നും ലഭിച്ചിട്ടില്ല. അന്താരാഷ്ട്ര മത്സരങ്ങളിലടക്കം വലിയ സാമ്പത്തിക ചെലവുണ്ട്. അത് ലഭിക്കാത്തത് കൊണ്ട് മിക്ക മത്സരങ്ങളിലും പങ്കെടുക്കാൻ സാധിക്കുന്നില്ല'- നിതിൻ പറഞ്ഞു.

ലിറ്റിൽ പീപ്പിൾസ് സ്‌പോർട്ട്സ് ക്ലംബിന്റെ പിന്തുണ

2018ന് ശേഷം കായികരംഗത്ത് നിന്ന് വിട്ടുനിന്ന നിതിനെ വീണ്ടും ഗ്രൗണ്ടിലേക്ക് എത്തിച്ചതിന് പിന്നിൽ ലിറ്റിൽ പീപ്പിൾസ് സ്‌പോർട്സ് ക്ലബ്ബ് ആണ്. ഉയരം കുറഞ്ഞവരെ കായികരംഗത്തേക്ക് കൈപിടിച്ചുയർത്തിയ ക്ലബ്ബാണ് ലിറ്റിൽ പീപ്പിൾസ്. ക്ലബ്ബിന്റെ കോച്ച് കെകെ റാഷിദിന്റെ പിന്തുണ അത്രയും വലുതാണെന്ന് നിതിൻ പറഞ്ഞു. ക്ലബ്ബിന്റെ ഫുട്‌ബോൾ ടീം അംഗമായ നിതിൻ കേരളത്തിലെ വിവിധ ജില്ലകളിൽ നടന്ന ടൂർണമെന്റുകളിൽ കളിക്കാറുണ്ട്. ക്ലബ്ബിന് ലഭിക്കുന്ന പിന്തുണയിൽ ലഭിച്ച ആത്മവിശ്വാസമാണ് വീണ്ടും ബാഡ്മിന്റൺ രംഗത്തേക്ക് കടന്നുവരാൻ കാരണമായതെന്ന് നിതിൻ പറഞ്ഞു. അച്ഛൻ ബാലൻ, അമ്മ പ്രേമ, സഹോദരി നീതുവും ഭർത്താവും അടങ്ങുന്ന കുടുംബവും ഏറ്റവും അടുത്ത സുഹൃത്തുക്കളും വലിയ പിന്തുണയാണ് നൽകുന്നതെന്ന് നിതിൻ കൂട്ടിച്ചേർത്തു.

നേട്ടങ്ങൾ സംസ്ഥാന പാരാബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2020-21 1. സിംഗിൾസ്: വെള്ളി മെഡൽ 2. ഡബിൾസ്: സ്വർണ്ണ മെഡൽ

സംസ്ഥാന പാരാബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2023-24 1. സിംഗിൾസ്: വെള്ളി മെഡൽ 2. ഡബിൾസ്: വെള്ളി മെഡൽ ദേശീയ പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2023-24 1. മിക്സഡ് ഡബിൾസ്: വെങ്കല മെഡൽ