ചുരുക്കം ചില വിമാനത്താവളങ്ങളിൽ മാത്രമുള്ള സൗകര്യം ഇനി നെടുമ്പാശേരിയിലും,​ 10 കോടിയുടെ പദ്ധതിക്ക് തുടക്കം

Saturday 09 May 2026 3:30 AM IST

നെടുമ്പാശേരി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം കേന്ദ്ര മന്ത്രിയെ പങ്കെടുപ്പിച്ച് കല്ലിടൽ. പിന്നെയും നിർമ്മാണം ആരംഭിക്കാൻ 16 വർഷത്തോളം നീണ്ട കാത്തിരിപ്പ്. ഒടുവിൽ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കാൻ സ്ഥലമൊരുക്കൽ നടപടികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു.

നെടുമ്പാശേരി വിമാനത്താവളം യാഥാർത്ഥ്യമായതിന് പിന്നാലെയാണ് റെയിൽവേ സ്റ്റേഷൻ കൂടി വേണമെന്ന ആവശ്യം ഉയരുന്നത്. 2010 കേന്ദ്രമന്ത്രിയായിരുന്ന ഇ. അഹമ്മദ് നിർമ്മാണോദ്ഘാടനം നിർവഹിച്ചെങ്കിലും ഫലമുണ്ടായില്ല. നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗതാഗത തടസമാണ് നിർമ്മാണം അനിശ്ചിത്വത്തിലാകാൻ കാരണം. ഇപ്പോഴത്തെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇടപെട്ടാണ് മാറാല പിടിച്ചുകിടന്ന ഫയൽ പുറത്തെടുത്തത്. കഴിഞ്ഞ നവംബറിൽ ദക്ഷിണ റെയിൽവേ ചീഫ് പ്രോജക്ട് മാനേജർ കണ്ണന്റെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു.

ആദ്യഘട്ടം ഒമ്പത് മാസത്തിനകം

വിമാനത്താവളം - ആവണംകോട് റോഡിലാണ് സ്റ്റേഷൻ നിർമ്മിക്കുന്നത്. റെയിൽവേ ഗതി ശക്തി വിഭാഗം അങ്കമാലി സുവിധ എന്റർ പ്രൈസസിനാണ് നിർമ്മാണ കരാർ നൽകിയിട്ടുള്ളത്. ആദ്യഘട്ടം ഒമ്പത് മാസത്തിനകം പൂർത്തിയാക്കും. ആദ്യഘട്ടത്തിന് 10 കോടിയാണ് റെയിൽവേ നീക്കിവെച്ചതെങ്കിലും 7.56 കോടി രൂപയാണ് നിർമ്മാണ കരാർ.

പ്ലാറ്റ്ഫോം നിർമ്മിക്കേണ്ട ഭാഗം മണ്ണ് നിറച്ച് നിരപ്പാക്കും. 600 മീറ്റർ വീതം നീളമുള്ള രണ്ട് പ്ലാറ്റ്ഫോമുകൾ, സ്റ്റേഷൻ ഓഫീസ് കെട്ടിടം, ഫുട് ഓവർബ്രിഡ്ജ്, പാർക്കിംഗ് സൗകര്യം, യാത്രക്കാർക്കുള്ള ശീതീകരിച്ച വിശ്രമമുറി എന്നിവയുണ്ടാകും.

16 വർഷം മുമ്പ് കല്ലിട്ട പദ്ധതി

നെടുമ്പാശേരി റെയിൽവേ സ്റ്റേഷന് 16 വർഷം മുമ്പ് കല്ലിട്ടതാണ്. സാങ്കേതിക കാരണങ്ങളാൽ പിന്നീട് പദ്ധതി ഉപേക്ഷിച്ചു. റെയിൽവേ സ്റ്റേഷൻ വരുന്നതിന്റെ കിഴക്കും പടിഞ്ഞാറും സിയാലിന്റെ സ്ഥലം ആയതിനാൽ ഭാവി വികസനത്തിനും തടസമില്ല. റെയിൽവേ സ്റ്റേഷനിൽ നിന്ന് വിമാനത്താവളത്തിലേക്ക് വാക്കലേറ്റർ സംവിധാനവും ഉണ്ടാകും.

വ്യോമ, റെയിൽ, റോഡ്,

ജല ഗതാഗത സംഗമഭൂമി

വിമാനത്താവളത്തോട് ചേർന്ന് നേരത്തെ പദ്ധതി തയാറാക്കിയിട്ടുള്ള ജലപാതയും മെട്രോ റെയിലും കൂടി

യാഥാർത്ഥ്യമായാൽ വ്യോമ, റെയിൽ, റോഡ്, ജല ഗതാഗത സംവിധാനങ്ങൾ സംഗമിക്കുന്ന ചുരുക്കം വിമാനത്താവളങ്ങളിലൊന്നായി നെടുമ്പാശേരി മാറും.