കിലോയ്ക്ക് കുറഞ്ഞത് 300 രൂപ വരെ; അടുക്കള ബജറ്റില്‍ അടിച്ചത് വന്‍ 'ലോട്ടറി'

Saturday 09 May 2026 12:02 AM IST

തേങ്ങ ,കൊപ്ര വിലയിലും ഇടിവ്

തിരുവനന്തപുരം: ഒരു വര്‍ഷത്തിലേറെ വിപണിയില്‍ തിളച്ചുമറിഞ്ഞ വെളിച്ചെണ്ണ വില കുത്തനെ ഇടിഞ്ഞു. വിവിധ ബ്രാന്‍ഡുകളിലെ വെളിച്ചെണ്ണ കിലോഗ്രാമിന് 210 മുതല്‍ 260 രൂപവരെയാണ് താഴ്ന്നു. കല്പകേര എന്ന ബ്രാന്‍ഡിന് 210 രൂപയാണ് വില.

2025 ജൂലായില്‍ 550 രൂപവരെ ഉയര്‍ന്ന വെളിച്ചെണ്ണ വിലയില്‍ കഴിഞ്ഞമാസമാണ് ഇടിവ് തുടങ്ങിയത്. ഏപ്രില്‍ അവസാനത്തില്‍ വെളിച്ചെണ്ണ വില കിലോയ്ക്ക് 260 രൂപ വരെയായി കുറഞ്ഞു. 529 രൂപ വരെ വര്‍ദ്ധിച്ച കേര വെളിച്ചെണ്ണയ്ക്ക് 325 രൂപയാണ് ഇപ്പോള്‍ വില.

കൊപ്ര, തേങ്ങവിലയിലും വലിയ ഇടിവുണ്ട്. പച്ചത്തേങ്ങ വില കിലോഗ്രാമിന് 80-85 ല്‍നിന്ന് 40-45 രൂപയിലേക്ക് കുറഞ്ഞു. ഉണക്കത്തേങ്ങ വില 52 രൂപയായി. കൊപ്രയ്ക്ക് 150 രൂപയില്‍ താഴെയായി.എട്ടുമാസത്തിനിടെ പച്ച തേങ്ങയ്ക്ക് 40 രൂപ വരെ കുറഞ്ഞു.

തമിഴ്‌നാട്ടിലടക്കം തേങ്ങയുടെ ഉത്പാദനം വര്‍ദ്ധിച്ചതിനൊപ്പം പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ഗള്‍ഫിലേക്കുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നിലച്ചതും വിലയിടിവിന് ആക്കം കൂട്ടി.

ഉത്പാദനം ഉയരുന്നു

ഇത്തവണ ചൂട് കൂടിയതിനാല്‍ തേങ്ങ പെട്ടെന്ന് വിളഞ്ഞതും അധിക ഉണക്ക് ഭയന്ന് കര്‍ഷകര്‍ വിറ്റുതീര്‍ത്തതും വില കുറയാന്‍ ഇടയാക്കിയെന്ന് കര്‍ഷകര്‍ പറയുന്നു .തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ കാങ്കയത്താണ് ഏറ്റവും കൂടുതല്‍ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നത് . കൊപ്രയുടെ വരവ് കൂടിയതോടെ വെളിച്ചെണ്ണ വിപണിയില്‍ വലിയ വിലത്തകര്‍ച്ചയാണ് ഇവിടെ ഉണ്ടായത്.

ഉപഭോക്താക്കള്‍ക്ക് ആശ്വാസമില്ല

അതേസമയം വെളിച്ചെണ്ണയ്ക്കുണ്ടായ വിലക്കുറവ് പലയിടത്തും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. നാളികേര കര്‍ഷകന് വിലകുറച്ചു നല്‍കുന്ന കച്ചവടക്കാര്‍, പക്ഷെ തേങ്ങ വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഈ വിലക്കുറവ് അനുവദിക്കുന്നില്ലെന്നുമാണ് പരാതി.

തേങ്ങ വില(ഒന്നിന്) - 50 മുതല്‍ 60 രൂപയില്‍