പാവക്ക, വെണ്ടക്ക, തക്കാളി; തൊട്ടാല്‍ പൊള്ളും പച്ചക്കറി വില, കോഴിയിറച്ചിയും കുതിക്കുന്നു

Thursday 14 May 2026 9:38 PM IST

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുകയാണ്. പലതിനും വില ഇരട്ടിയോളമായി പോലും വര്‍ദ്ധിച്ചിട്ടുണ്ട്. കിലോ 30 രൂപയായിരുന്ന പാവക്കയ്ക്ക് 65 രൂപയായിട്ടാണ് കൂടിയിരിക്കുന്നത്. പച്ചക്കറിക്ക് പുറമേ കോഴിയിറച്ചിക്കും സംസ്ഥാനത്ത് വില വര്‍ദ്ധിച്ചിട്ടുണ്ട്. 40 രൂപ വരെയാണ് ഇറച്ചിക്കോഴി വിലയില്‍ മാറ്റം വന്നിരിക്കുന്നത്. തക്കാളിക്ക് 35 രൂപയും വെണ്ടക്കയ്ക്ക് 50 രൂപയുമാണ് വില. മുരിങ്ങക്കാ, പടവലങ്ങ, ബീറ്റ്‌റൂട്ട്, കാബേജ് തുടങ്ങി സകലതിനും വില കൂടിയിട്ടുണ്ട്.

വിവിധ പച്ചക്കറികളുടെ വില

പാവക്ക 65 തക്കാളി 35 വെണ്ടയ്ക്ക് 50 മുരിങ്ങയ്ക്ക 45-50 പടവലങ്ങ 60 ബീറ്റ്‌റൂട്ട് 55-60 അമരയ്ക്ക 80 വഴുതന 40 കാബേജ് 40

പച്ചക്കറികള്‍ക്കും പയറ് വര്‍ഗങ്ങള്‍ക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്. കൊടും വേനല്‍ കാലത്ത് വിളവെടുപ്പ് കുറഞ്ഞതും, കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നതിലെ ചെലവ് വര്‍ദ്ധിച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായത്. അന്യസംസ്ഥാനത്ത് നിന്ന് വരുന്ന പച്ചക്കറിക്കും വില കൂടിയിട്ടുണ്ട്. ഇന്ധന വില വര്‍ദ്ധിക്കാനുള്ള സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളില്‍ വില ഇനിയും കൂടാനാണ് സാദ്ധ്യതയെന്നും വ്യാപാരികള്‍ പറയുന്നു.