മകൾക്കും മരുമകനും ഗുരുതര പരിക്ക്
ആലപ്പുഴ : ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസും ഇന്നോവ കാറും കൂട്ടിയിടിച്ച്, കാർയാത്രക്കാരിയായ വൃദ്ധ മരിച്ചു. മകൾക്കും മരുമകനും ഗുരുതര പരിക്കേറ്റു. മലപ്പുറം പുളിക്കൽ ശ്രീരാഗം വീട്ടിൽ സോമശേഖരൻപിള്ളയുടെ ഭാര്യ രാധമ്മയാണ് (75) മരിച്ചത്. രാധമ്മയുടെ മകൾ ജയശ്രീ (55), ജയശ്രീയുടെ ഭർത്താവ് രാജീവ് (59) എന്നിവർക്കാണ് പരിക്കേറ്റത്. ജയശ്രീയെ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലും രാജീവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാജീവ് ആണ് കാർ ഓടിച്ചിരുന്നത്.
പാതിരപ്പള്ളി ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. മലപ്പുറത്ത് സ്കൂൾ അദ്ധ്യാപകരായ ജയശ്രീയും രാജീവും രാധമ്മയുമൊത്ത് മാവേലിക്കര ചുനക്കരയിലുള്ള കുടുംബവീട്ടിലേക്ക് പോവുകയായിരുന്ന ഇന്നോവ കാർ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം ബസിനടിയിലേക്ക് കയറി പൂർണമായും തകർന്നു. ആദ്യം ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വാഹനത്തിന് അകത്ത് കുടുങ്ങിയവരെ പുറത്തെടുക്കാനായില്ല. വിവരം അറിഞ്ഞ് ആലപ്പുഴയിൽ നിന്ന് അസി.സ്റ്റേഷൻ ഓഫീസർ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം എത്തി വാഹനം പൊളിച്ച് മൂന്ന് പേരെയും പുറത്തെടുത്ത് പാതിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാധമ്മയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ ജയശ്രീയെ ഇവിടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രാജീവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇന്നലെ പുലർച്ചേയാണ് മൂന്നംഗ സംഘഗ കോഴിക്കോട് രാമനാട്ടുകരയിൽ നിന്ന് ചുനക്കരയിലേക്ക് യാത്ര തിരിച്ചത്.
ആലപ്പുഴ നോർത്ത് പൊലീസ് മേൽ നടപടി സ്വീകരിച്ച ശേഷം രാധമ്മയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |