ആലപ്പുഴ: പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി സർക്കാർ വകുപ്പുകളിൽ നിന്ന് വീട് നിർമ്മാണത്തിനും പുനരുദ്ധാരണത്തിനുമായി ധനസഹായം കൈപ്പറ്റിയവർക്കും ലൈഫ് മിഷൻ പദ്ധതിയിൽ ഭവനത്തിനായി അപേക്ഷിക്കാം. നിലവിൽ വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്ന കുടുംബങ്ങളിലുള്ളവർ പ്രളയദുരിതാശ്വാസ സഹായം കൈപ്പറ്റിയിട്ടുണ്ടെങ്കിലും അത് പരിഗണിക്കാതെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്താമെന്ന് തദ്ദേശ സ്വയംഭരണവകുപ്പാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
കുട്ടനാടിന് പുറമേ ആലപ്പുഴ നഗരപരിധിയിലെ തിരുമല, പള്ളാത്തുരുത്തി, പാലസ്, ജില്ലാക്കോടതി, നെഹ്റുട്രോഫി, പഴവീട്, കൊറ്റംകുളങ്ങര, പുന്നമട എന്നീ കിഴക്കൻ കുട്ടനാടൻ പ്രദേശങ്ങളും, ചെങ്ങന്നൂർ മേഖലയുമാണ് ഏറ്റവും ദുരിതം നേരിട്ടത്. ഒട്ടേറെ സാധാരണക്കാർക്ക് കിടപ്പാടം യാഥാർത്ഥ്യമാകുന്ന ഉത്തരവ് സംബന്ധിച്ച് ആലപ്പുഴ, അമ്പലപ്പുഴ എം.എൽ.എമാരും ആലപ്പുഴ നഗരസഭയും ഒരുപോലെ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
2018 -19 പ്രളയങ്ങളിൽ ആനുകൂല്യം കൈപ്പറ്റിയവർ (ആലപ്പുഴ നഗരസഭ)
നാശനഷ്ടങ്ങളുടെ ശതമാനം - ആനുകൂല്യം കൈപ്പറ്റിയവുടെ എണ്ണം
60 - 74%: 31
30 - 59 %: 79
15 - 29%: 116
15 %: 41
ആകെ - 267 പേർ
വീട് വാസയോഗ്യമല്ലാതിരുന്നിട്ടും ലൈഫ് പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കാത്ത നിരവധിപേർ അമ്പലപ്പുഴ മണ്ഡലത്തിലുണ്ട്. ഈ ആവശ്യം ഉന്നയിച്ച് മൂന്ന് തവണ മന്ത്രിമാർക്ക് കത്ത് നൽകിയിരുന്നു.
കേരളത്തിൽ ആകെയുള്ള ഈ പ്രശ്നം നിയമസഭയിലും പല സന്ദർഭത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു
എച്ച്.സലാം, അമ്പലപ്പുഴ എം.എൽ.എ
............
പ്രളയം ഏറെ നാശനഷ്ടങ്ങൾ വരുത്തിയ ആലപ്പുഴയിൽ ഒട്ടേറെ പാവപ്പെട്ട കുടുംബങ്ങൾ വിഷമസ്ഥിതി ചൂണ്ടിക്കാണിച്ച് പരിഹാരമഭ്യർത്ഥിച്ചിരുന്നു. സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാക്കിയ ഈ വിഷയം അങ്ങേയറ്റം ഗൗരവമായി തന്നെ നിയമസഭയിൽ അവതരിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റി വിഷയം പരിശോധിക്കുകയും നിലവിലും വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്ന കുടുംബങ്ങളിലുള്ളവർ പ്രളയദുരിതാശ്വാസ സഹായം കൈപ്പറ്റിയിട്ടുണ്ടെങ്കിലും അത് പരിഗണിക്കാതെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു
പി.പി.ചിത്തരഞ്ജൻ, ആലപ്പുഴ എം.എൽ.എ
..............
പ്രളയധനസഹായം കൈപ്പറ്റിയവർക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഭവനത്തിനായി അപേക്ഷിക്കാൻ കഴിയാതിരുന്ന സാഹചര്യം ഒട്ടേറെ ആളുകളെ വിഷമത്തിലാക്കിയിരുന്നു. സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാക്കിയ വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ നഗരസഭ കൗൺസിൽ ഏകകണ്ഠമായി പ്രമേയം പാസാക്കുകയും മന്ത്രിമാരായ എ.സി.മൊയ്തീൻ, എം.ബി.രാജേഷ് എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും കൃത്യമായി ഫയലിനെ പിന്തുടരുകയും ചെയ്തിരുന്നു. ആലപ്പുഴ, അമ്പലപ്പുഴ എം.എൽ.എമാരും കൃത്യമായി ഇതിനൊപ്പം നിന്നു
സൗമ്യരാജ്, ആലപ്പുഴ നഗരസഭാദ്ധ്യക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |