കരാർ ഏജൻസിയെ ഒഴിവാക്കാൻ ആലോചന
ആലപ്പുഴ: പ്രളയക്കെടുതിയിൽ നിന്ന് കുട്ടനാടിനെ രക്ഷിക്കാൻ ലക്ഷ്യമിട്ട്
തോട്ടപ്പള്ളി ലീഡിംഗ് ചാനലിൽ (പുത്തനാർ) ആരംഭിച്ച മണ്ണുനീക്കം അനിശ്ചിതത്വത്തിൽ. എറണാകുളത്തെ സ്വകാര്യ ഏജൻസി കരാർ ഏറ്റെടുത്ത് വർഷം നാല് കഴിഞ്ഞിട്ടും ആവശ്യമായ മണ്ണിന്റെ മൂന്നിലൊന്ന് പോലും നീക്കംചെയ്യാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ ഏജൻസിയെ ടെർമിനേറ്റ് ചെയ്യാനുള്ള ആലോചനയിലാണ് ജലസേചന വകുപ്പ്. കരാർ കാലാവധി പലതവണ നീട്ടിക്കൊടുത്തിട്ടും ജോലി പൂർത്തിയാക്കാത്തതാണ് കരാർ റദ്ദ് ചെയ്യൽ ഉൾപ്പടെയുള്ള കടുത്തനടപടിയിലേക്ക് നീ്ാൻ അധികൃതരെ നിർബന്ധിതരാക്കുന്നത്. കരാറുകാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം അടുത്താഴ്ച ചേരും.
അച്ചൻകോവിൽ, മണിമല, പമ്പയാറുകൾ സംയോജിക്കുന്ന വീയപുരം പെരുമാങ്കര മുതൽ തോട്ടപ്പള്ളി വരെയുള്ള ലീഡിംഗ് ചാനലിലെ 11കിലോമീറ്റർ ഭാഗത്തെ
ആഴം കൂട്ടുന്നതാണ് പദ്ധതി. കാലവർഷത്തിലും പ്രളയത്തിലും പെരുമാങ്കര മുതൽ കിഴക്കോട്ടുള്ള ഭാഗത്ത് മണലും ചെളിയും അടിഞ്ഞ് ലീഡിംഗ് ചാനലിന് ആഴം കുറഞ്ഞത് നീരോഴുക്ക് തടസപ്പെട്ടിരുന്നു. ഇത് കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശത്തെ വെള്ളത്തിൽ മുക്കുകയും വൻ തോതിൽ കൃഷിനാശം വരുത്തുകയും ചെയ്തതോടെയാണ് പദ്ധതിക്ക് രൂപം നൽകിയത്.
ഇനിയും എത്രനാൾ ?
വീയപുരം മുതൽ തോട്ടപ്പള്ളി വരെ ലീഡിംഗ് ചാനലിലെ ആഴം വർദ്ധിപ്പിച്ച് 3.12ലക്ഷം ക്യുബിക് മീറ്റർ മണൽ നീക്കം ചെയ്യുന്നതാണ് പദ്ധതി. എന്നാൽ,വീയപുരം തുരുത്തേ ഭാഗത്ത് നിന്ന് ആരംഭിച്ച ആഴം കൂട്ടൽ ജോലികൾ ചെറുതന വരെ എത്താൻ നാല് വർഷം വേണ്ടിവന്നു. തോട്ടപ്പള്ളിലെത്താൻ ഇപ്പോഴത്തെ അവസ്ഥയിൽ എത്രനാൾ വേണ്ടിവരും എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല.
35ശതമാനം മണൽ മാത്രമാണ് ഇതുവരെ നീക്കംചെയ്യാനായത്. 2019 മേയിൽ ആരംഭിച്ച് 2020 മാർച്ചിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി എങ്ങുമെത്തിയില്ല എന്നതാണ് സത്യം.
പലതവണ സമയം നീട്ടി കൊടുത്തിട്ടും ജോലികൾ പൂർത്തിയാക്കാൻ കാലതാമസം വരുത്തിയ കരാറുകാനെ പങ്കെടുപ്പിച്ചുള്ള യോഗം ഉടൻ വിളിക്കും. ഇതുവരെ നാമമാത്രമായ മണൽ മാത്രമാണ് നീക്കം ചെയ്തത്. ഇനി കരാർ കാലവധി നീട്ടില്ല.
- സജീവ്, എക്സിക്യുട്ടീവ് എൻജിനിയർ, ഇറിഗേഷൻ, ആലപ്പുഴ
ആഴം വർദ്ധിപ്പിൽ സമയബന്ധിതമായി പൂർത്തിയാക്കി, സുഗമമായ നീരൊഴുക്ക് സാദ്ധ്യമാക്കണം. മടവീഴ്ചയിൽ നിന്ന് കർഷകരെ രക്ഷിക്കാൻ പദ്ധതി വേഗത്തിൽ പൂർത്തിയാകേണ്ടതുണ്ട്.
-ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, നെൽ-നാളികേര കർഷക ഫെഡറേഷൻ
തുടങ്ങിയത് 2019ൽ
ഡ്രഡ്ജിംഗ് ആരംഭിച്ചത് 2019 മേയിൽ
പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടത്: 2020 മാർച്ചിൽ
ആഴം കൂട്ടേണ്ടത് : 11 കി.മീ
നീക്കേണ്ട മണൽ: 3.12ലക്ഷം ക്യുബിക് മീറ്റർ
നീക്കം ചെയ്ത മണൽ: 96,000 ക്യുബിക് മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |