ആലപ്പുഴ : ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വനിതാ ഡോക്ടറോട് മോശമായി പെരുമാറിയെന്ന പരാതിയിൽ നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈനും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ എ.എസ്.കവിതയ്ക്കുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു.
ഡ്യൂട്ടി തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, ആരോഗ്യ സേവന സംരക്ഷണനിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വ്യാഴാഴ്ച വലിയ ചുടുകാട്ടിലെ പാർക്കിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ ജീവനക്കാർക്കൊപ്പം ആശുപത്രിയിലെത്തിയ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വൈസ് ചെയർമാനും ജോലി തടസ്സപ്പെടുത്തിയെന്നാണ് വനിതാ ഡോക്ടറുടെ പരാതി.
ഡോക്ടറുടെ പരാതിയിൽ മതിയായ അന്വേഷണം നടത്താതെയാണ് പൊലീസ് കേസെടുത്തതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
പരാതിയിൽ ശരിയായ അന്വേഷണം നടത്തിയശേഷം വേണമായിരുന്നു കേസെടുക്കാൻ.സിസി ടിവി കാമറയുൾപ്പെടെയുള്ള സ്ഥലമാണ്. രക്തം ഛർദ്ദിച്ച രോഗിക്ക് എത്രയും വേഗം ചികിത്സ നൽകണമെന്ന് ആവശ്യപ്പെടുകമാത്രമാണ് ചെയ്തത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു
- പി.എസ്.എം ഹുസൈൻ, വൈസ് ചെയർമാൻ
ഡോക്ടറെ ഭീഷണിപ്പെടുത്തുകയോ ഡ്യൂട്ടി തടസപ്പെടുത്തുകയോ ചെയ്തിട്ടില്ല. ചികിത്സ വൈകിയപ്പോൾ ഇടപെട്ടുവെന്നത് ശരിയാണ്.സംഭവത്തിൽ വസ്തുതകൾ അന്വേഷിക്കാതെ കേസെടുത്ത പൊലീസ് നടപടി ശരിയല്ല. നിയമപരമായി നേരിടും
- എ.എസ്.കവിത , ചെയർപെഴ്സൺ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി, നഗരസഭ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |