ഇരിട്ടി: 8.76 കോടിയുടെ തട്ടിപ്പ് നടന്ന സി.പി.എം നിയന്ത്രണത്തിലുള്ള കോളിത്തട്ട് സർവ്വീസ് സഹകരണബാങ്കിന്റെ ഭരണ സമിതിയെ പിരിച്ചുവിട്ട് ബാങ്ക് അഡ്മിനിസ്ട്രേറ്ററിന്റെ കീഴിലാക്കിയതിൽ പ്രതീക്ഷ വച്ച് നിക്ഷേപക. ജില്ലാസഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ നടപടി തങ്ങളുടെ നിക്ഷേപം തിരിച്ചുകിട്ടുന്നതിന് സഹായകമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. ബാങ്കിന്റെ അഡ്മിനിസ്ട്രേറ്ററായി ഇരിട്ടി അസി.രജിസ്ട്രാർ ഓഫീസിലെ കോ ഓപ്പറ്റീവ് ഇൻസ്പെക്ട്രർ ജയശ്രീയെ കഴിഞ്ഞ ദിവസമാണ് നിയമിച്ചത്.
ക്രമക്കേടിൽ ഉത്തരവാദിത്വമുള്ള സെക്രട്ടറി, മാനേജർ , ജീവനക്കാർ. ഭരണസമിതി അംഗങ്ങൾ എന്നിവരിൽ നിന്ന് തുക തിരിച്ചു പിടിക്കാൻ പുതിയ സഹകരണനിയമ പ്രകാരം കഴിയുമെന്നതിലാണ് നിക്ഷേപകർക്ക് പ്രതീക്ഷ വന്നിരിക്കുന്നത്.
പത്തുവർഷം കൊണ്ടാണ് 8.76 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു. ഈ തുക മുഴുവൻ പോയത് ആരോപണവിധേയരുടെ അക്കൗണ്ടിലേക്കാണെന്നും കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇവരുടെ ആസ്തി പിടിച്ചെടുത്ത് തങ്ങളുടെ നിക്ഷേപം തിരിച്ചുനൽകണമെന്ന് നിക്ഷേപകർ ആവശ്യപ്പെടുന്നത്.
ഏരിയാസമ്മേളനത്തിൽ ചൂടേറും
ഈ മാസം 26,27 തീയതികളിൽ കീഴ്പ്പള്ളിയിൽ നടക്കുന്ന സി.പി.എം ഇരിട്ടി ഏരിയാസമ്മേളനത്തിൽ കോളിത്തട്ട് ബാങ്കിലെ വെട്ടിപ്പ് സജീവചർച്ചയാകുമെന്ന് ഉറപ്പാണ്. ബാങ്കിന്റെ തകർച്ചയ്ക്കും വെട്ടിപ്പിനും കാരണക്കാരായവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഇതിനകം പാർട്ടിയിൽ ആവശ്യമുയർന്നിട്ടുണ്ട്. ക്രമക്കേടുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെയാണ് സി.പി.എം നടപടിയെടുത്തത്. എന്നാൽ നടപടി ഇവരിൽ മാത്രം ഒതുക്കിയാൽ പോരെന്ന നിലപാടിലാണ് വലിയൊരു വിഭാഗം പ്രവർത്തകർ.പാർട്ടി നേതൃത്വം നൽകുന്ന സഹകരണ സ്ഥാപനങ്ങൾക്ക് തിരിച്ചടിയായത് ചില നേതാക്കളുടെ നടപടി മൂലമാണെന്നത് നേതൃത്വം തിരിച്ചറിയണമെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |