പരീക്ഷകളിൽ സമ്പൂർണ വിജയം ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്
ആലപ്പുഴ: എസ്.എൽ.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ആഴ്ചകൾ മാത്രം ശേഷിക്കെ നൂറ് ശതമാനം വിജയം ലക്ഷ്യമിട്ട് ജില്ലയിലെ വിദ്യാർത്ഥികൾക്ക് സ്‌കൂൾ തലത്തിൽ പ്രത്യേക ക്ളാസുകൾ ആരംഭിച്ചു. മനശാന്തിയോടും ഏകാഗ്രതയോടും പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കുകയും പഠിക്കാൻ തീരെ പിന്നിലുള്ളവരെ സ്പെഷ്യൽ ക്ളാസുകളിലൂടെ മുൻനിരയിലെത്തിച്ച് വിജയം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
അടുത്തമാസം 17ന് മോഡൽ പരീക്ഷയോടെ പരീക്ഷക്കാലത്തിന് തുടക്കമാകും. മാർച്ച് അവസാനം വരെ നീളും. കേരള സിലബസിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളും കേന്ദ്ര സിലബസിൽ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുമാണ് നടക്കുന്നത്.
കേന്ദ്ര, സംസ്ഥാന സിലബസുകളിലായി ജില്ലയിൽ ഒരുലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. ജില്ലയിൽ ഹൈസ്ക്കൂൾ, വി.എച്ച്.എസ്. ഇ, ഹയർ സെക്കൻഡറി സ്കൂളുകളിലായി 319 സെന്ററുകളുമുണ്ടാകും. അടുത്ത വർഷം മുതൽ രീതികൾ മാറ്റം വരാനുള്ള സാദ്ധ്യതയുള്ളതിനാൽ നിലവിലെ രീതിയിലുള്ള അവസാന പരീക്ഷയാവും ഇത്തവണത്തേത്.
ടൈംടേബിൾ
# എസ്.എസ്.എൽ.സി മോഡൽ: ഫെബ്രുവരി 17 മുതൽ
# പൊതു പരീക്ഷ: മാർച്ച് 3 മുതൽ 26വരെ
# സി.ബി.എസ്.ഇ എസ്.എസ്.എൽ.സി: ഫെബ്രുവരി15മുതൽ
# സി.ബി.എസ്.ഇ പ്ളസ്ടു: ഫെബ്രുവരി 21 മുതൽ
# ഐ.ടി പൊതുപരീക്ഷ: ഫെബ്രുവരി 1 -14
# ഹയർ സെക്കൻഡറി: പൊതുപരീക്ഷ: മാർച്ച് 3മുതൽ 29
സെന്ററുകൾ
ഹൈസ്ക്കൂൾ: 198
വി.എച്ച്.എസ്, എച്ച്.എസ്.എസ്: 121
മികച്ച വിജയം നേടുക എന്നലക്ഷ്യത്തോടെ ജില്ലയിലെ മുഴുവൻ സ്കൂളുകളിലും റിവിഷനും ഈവനിംഗ് ക്ളാസുകളും ആരംഭിച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
- ജില്ലാ വിദ്യാഭ്യാസ ഓഫീസ്