വിദ്യാ‌ത്ഥികളിലെ ലഹരി ഉപയോഗം: വിനോദയാത്രകൾക്ക് നിരീക്ഷണം വരും

Thursday 13 March 2025 1:17 AM IST

ആലപ്പുഴ: വിദ്യാർത്ഥികളുടെ വിനോദയാത്രകൾ പോലും ലഹരിയിൽ മുങ്ങുന്നതായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സ്കൂൾ, കോളേജ് ടൂറുകൾ നിരീക്ഷിക്കാൻ നീക്കം. പൊലീസും എക്സൈസും ഇതിനുള്ള പദ്ധതികൾ ഉടൻ ആവിഷ്കരിക്കും. കഴിഞ്ഞദിവസം തലസ്ഥാനത്ത് വിനോദ യാത്ര സംഘത്തിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടിയ സംഭവത്തിന്റെ അടിസ്ഥാനത്തിലാണിത്. കോളേജ് കാമ്പസുകൾ ലഹരി മുക്തമാക്കാൻ കാമ്പസുകളും ഹോസ്റ്റലുകളും പരിശോധിക്കുന്നതിന് ചാൻസലർ കൂടിയായ ഗവർണർ അനുമതി നൽകിയത് പരിഗണിച്ച് ലഹരിയെകെട്ടുകെട്ടിക്കാൻ നിരീക്ഷണവും നടപടികളും ശക്തമാക്കാനാണ് നീക്കം.

മദ്ധ്യവേലനവധിക്ക് ആഴ്ചകൾ മാത്രം ശേഷിക്കെ വർഷാന്ത്യപരീക്ഷകൾക്ക് മുന്നോടിയായി വിനോദ യാത്രകളുടെ സമയമാണിപ്പോൾ.വിനോദയാത്രക്കിടെ രാസലഹരിയുടെ ഉപയോഗവും അക്രമ സംഭവങ്ങളും വ്യാപകമായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ നടപടികൾ ശക്തമാക്കാനാണ് നീക്കം. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിനോദ യാത്രയ്ക്കെത്തുന്ന സംഘങ്ങളും നിരീക്ഷണത്തിലാകും. ലഹരി പിടിക്കപ്പെട്ടാൽ വാഹന ഉടമയെയും ജീവനക്കാരെയും കൂടി കേസിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.

ബോധവത്കരണം നടത്തും

# സ്കൂൾ- കോളേജ് പ്രിൻസിപ്പൽമാരും പി.ടി.എ കമ്മിറ്റിയും വിനോദ യാത്രകൾ ലഹരിമുക്തമാക്കണമെന്ന് ഉറപ്പാക്കാൻ നിർദേശം നൽകും

# വിനോദ യാത്രയ്ക്ക് ബുക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഉടമകളെയും ജീവനക്കാരെയും ബോധവത്കരണം നടത്തും

# സംശയകരമായ സാഹചര്യത്തിലോ,വിശ്വാസ യോഗ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലോ വിനോദ യാത്ര വാഹനങ്ങൾ പൊലീസും എക്സൈസും പരിശോധിക്കും

# വിനോദ യാത്ര പോകുന്ന സ്ഥലങ്ങൾ മുൻകൂട്ടി മനസിലാക്കി ആവശ്യമെങ്കിൽ അതാത് സ്ഥലങ്ങളിലും നിരീക്ഷണം നടത്തും

# വിനോദ യാത്ര സംഘങ്ങൾ തമ്പടിക്കുന്ന ഹോട്ടലുകളുൾപ്പെടെയുള്ള കേന്ദ്രങ്ങൾ നിരീക്ഷിക്കും