റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം
ആലപ്പുഴ : കൗമാരപ്രതിഭകളുടെ കലാമാമാങ്കത്തിന് തിരിതെളിഞ്ഞു. ഇനി അഞ്ചുനാൾ കലാപൂരം. പ്രധാനവേദിയായ ലിയോ തേർട്ടീന്ത് ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്. ശ്രീലത പതാക ഉയർത്തിതോടെയാണ് 64–ാമത് ജില്ലാ സ്കൂൾ കലോത്സവത്തിന് തിരിശീല ഉയർന്നത്. 12വേദികളിലായി 347ഇനങ്ങളിലാണ് മത്സരങ്ങൾ. 8000ഓളം കുട്ടികൾ മാറ്റുരയ്ക്കും. രചനാ മത്സരങ്ങൾ, നാടകം, കൂടിയാട്ടം, നങ്ങ്യാർകൂത്ത്, കഥകളി എന്നീ ഇനങ്ങളാണ് ആദ്യദിനം നടന്നത്. ഫാസിസ്റ്റ് രാഷ്ട്രീയം, അന്ധവിശ്വാസം എന്നീ സാമൂഹ്യവിഷയങ്ങൾ എടുത്തുപറഞ്ഞ നാടക മത്സരം കലോത്സവ വേദിയെ സമ്പന്നമാക്കി. ചുവടും മെയ്‌വഴക്കവും സമന്വയിച്ച നങ്ങ്യാർകൂത്തും ചാക്യാർകൂത്തും കഥകളിയും വേദിയിൽ ആടിത്തിമിർത്തു. എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിന്റെ മലയാളം, ഹിന്ദി, അറബിക്, ഇംഗ്ലീഷ്, കന്നഡ, തമിഴ്, ഉറുദു രചനാമത്സരങ്ങളും അരങ്ങേറി. വൈകിട്ട് വയലാർ ശരത്ചന്ദ്രവർമ്മ കലോത്സവം ഉദ്ഘാടനം ചെയ്തു.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ. എസ്. ശ്രീലത അദ്ധ്യക്ഷത വഹിച്ചു. ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ ഫാദർ ഫ്രാൻസിസ് കൊടിയനാട് മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയർപേഴ്സൺ എൻ.എസ്.ലിജിമോൾ, ഡയറ്റ് പ്രിൻസിപ്പൽ കെ.ജെ.ബിന്ദു, ഡി.ഇ.ഒമാരായ എം.സി.ജീവ, എച്ച്.റീന, ആലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ.ശോഭന തുടങ്ങിയവർ പ്രസംഗിച്ചു.
നൃത്ത ഇനങ്ങൾക്ക് തുടക്കമാകുന്നതോടെ ഇന്നുമുതൽ വേദികൾ കൂടുതൽ സജീവമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |