
ആലപ്പുഴ: സാമ്പത്തിക വർഷം അവസാനിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കേ, ജില്ലയിൽ ലക്ഷക്കണക്കിന് തൊഴിൽ ദിനങ്ങൾ ബാക്കി. ഒരു തൊഴിലാളിക്ക് നൂറ് തൊഴിൽദിനങ്ങളാണ് അനുവദിക്കേണ്ടത്. ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് അനുവദിച്ച തൊഴിൽ ദിനങ്ങൾ പൂർണമായി ലഭ്യമാക്കാനായിട്ടില്ല. നടപ്പുസാമ്പത്തികവർഷം ജില്ലയ്ക്ക് 78.44 ലക്ഷം തൊഴിൽദിനങ്ങളാണ് അനുവദിച്ചിരുന്നത്. ഇതുവരെ 64.77 ലക്ഷം തൊഴിൽദിനം മാത്രമാണ് ഉപയോഗപ്പെടുത്താനായത്. 13.67 ലക്ഷം ദിനങ്ങൾ ഇനിയും കണ്ടെത്തണം. തദ്ദേശസ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ അധികാരമേറ്റെടുത്തിട്ടും തൊഴിലുറപ്പ് പദ്ധതിക്കാവശ്യമായ ജോലികൾ ഏറ്റെടുക്കാനായിട്ടില്ല. അടുത്തിടെ കേന്ദ്രാവിഷ്കൃത പദ്ധതികൾ വിലയിരുത്താൻ ചേർന്ന യോഗത്തിലും തൊഴിലുറപ്പ് പദ്ധതിയിലെ വീഴ്ചകൾക്കെതിരെ വിമർശനമുയർന്നിരുന്നു. തൊഴിൽ ദിനങ്ങൾ കുറയുന്നത് പരിഹരിക്കാൻ കൂടുതൽ പ്രവൃത്തികൾ ഉൾപ്പെടുത്തണമെന്ന ആവശ്യം കെ.സി. വേണുഗോപാൽ എം.പി യോഗത്തിൽ ഉന്നയിച്ചിരുന്നു. സാമ്പത്തിക വർഷം അവസാനിക്കാറായതോടെ പ്രവൃത്തി പരിഷ്ക്കരണവും സാദ്ധ്യമല്ല.
2024-25 സാമ്പത്തികവർഷം ജില്ലയ്ക്ക് 66.48 ലക്ഷം തൊഴിൽദിനമാണ് കേന്ദ്രം അനുവദിച്ചിരുന്നത്. എന്നാൽ, പഞ്ചായത്തുകളിൽ തൊഴിൽ തേടിയെത്തിയവരുടെ എണ്ണമുയർന്നതോടെ പലയിടത്തും കൂടുതൽ പ്രവൃത്തികൾ ഏറ്റെടുത്തു. ഇതോടെ 1.04 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇത് കണക്കിലെടുത്തായിരുന്നു ഇത്തവണ തൊഴിൽദിനങ്ങളുയർത്താൻ കേന്ദ്രം തയ്യാറായത്. ഈ വർഷത്തെ പോരായ്മ കണക്കിലെടുത്ത് അടുത്തവർഷം തൊഴിൽദിനങ്ങളുടെ എണ്ണം കുറയ്ക്കാനും സാധ്യതയുണ്ട്.
തൊഴിലില്ലാത്ത തൊഴിലുറപ്പ്
തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് വർഷം 100 തൊഴിൽദിനം നൽകണമെന്നാണ് വ്യവസ്ഥ. അടുത്തവർഷം മുതൽ 125 ആയി പരിഷ്ക്കരിച്ചിട്ടുണ്ട്. എന്നാൽ, 11 മാസം പൂർത്തിയായിട്ടും ഒരുകുടുംബത്തിന് ശരാശരി 50 തൊഴിൽദിനങ്ങൾ പോലും നല്കാനായിട്ടില്ല. 49.95 ആണ് നിലവിലെ ശരാശരി തൊഴിൽ ദിനം. കഴിഞ്ഞ വർഷമിത് 75.84 ആയിരുന്നു. ജില്ലയിൽ 1.73 ലക്ഷം തൊഴിലാളി കുടുംബങ്ങളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 6960 കുടുംബങ്ങൾക്ക് മാത്രമാണ് 100 ദിവസം തൊഴിൽ കിട്ടിയത്.
തൊഴിൽദിനങ്ങൾ
(ലക്ഷത്തിൽ)
അനുവദിച്ചത് : 78.44
നടന്നത് : 64.77
ബാക്കി : 13.67
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |