കെ.എസ്.യു നേതാവിന്റെ ഭീഷണി: പ്രതിഷേധിച്ച് എ.കെ.പി.സി.ടി.എ
Thursday 07 May 2026 3:35 AM IST
ആലപ്പുഴ: കായംകുളം എം.എസ്.എം കോളേജിലെ ചില അദ്ധ്യാപകർക്കെതിരെ കായംകുളം എം.എസ്.എം കോളേജിലെ ബിരുദ വിദ്യാർത്ഥിയായിരുന്ന കെ.എസ്.യു നേതാവ് വാട്സാപ്പ് സന്ദേശം വഴി ഭീഷണി മുഴക്കിയ സംഭവത്തിൽ എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് സംഭവങ്ങൾ ഉണ്ടായതെന്നും ജനവിധിയിലൂടെ ഭൂരിപക്ഷം നേടിയ ഒരു പ്രസ്ഥാനത്തിന്റെ പ്രവർത്തകർ ഭരണം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ ആരംഭിച്ച ജനാധിപത്യ വിരുദ്ധമായ പ്രവർത്തനങ്ങൾ ഒറ്റപ്പെട്ട സംഭവമല്ലെന്നും എ.കെ.പി.സി.ടി.എ കുറ്റപ്പെടുത്തി. അദ്ധ്യാപകർക്ക് വിദ്യാർത്ഥി നേതാവിൽ നിന്ന് നേരിടേണ്ടി വന്ന ഭീഷണികൾ പ്രതിഷേധാർഹമാണെന്ന് എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ജി.സഞ്ജീവ്, ജനറൽ സെക്രട്ടറി എ.നിശാന്ത് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.