യു.ഡി.എഫ് തരംഗത്തിലും സജിയെ തുണച്ചത് ജനകീയത
മാന്നാർ: യു.ഡി.എഫ് തരംഗത്തിൽ വൻമരങ്ങൾ കടപുഴകിയപ്പോഴും ചെങ്ങന്നൂരിൽ എൽ.ഡി.എഫിന് തുണയായത് സജി ചെറിയാന്റെ ജനകീയതയും വ്യക്തിബന്ധങ്ങളും. വോട്ടെണ്ണലിൽ ഒരു ഘട്ടത്തിലും സജി ചെറിയാൻ പിന്നിൽപ്പോകാതിരുന്നത് മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനപദ്ധതികളിലൂടെ ആർജ്ജിച്ച സ്വീകാര്യതയും പ്രവർത്തന മികവുമാണെന്നാണ് കണക്കാക്കുന്നത്. യു.ഡി.എഫിന് മേൽകൈയുള്ള ബൂത്തുകളിൽപ്പോലും നേരിയ മാർജിനിലുള്ള ലീഡ് മാത്രമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എബി കുര്യാക്കോസ് നേടിയത്. അഞ്ചു പഞ്ചായത്തുകളിൽ ഭരണത്തിലിരിക്കുന്ന എൻ.ഡി.എയ്ക്ക് ഒരിടത്തും ലീഡ് നേടാൻ കഴിഞ്ഞില്ല. എൻ.ഡി.എ ഭരിക്കുന്ന പാണ്ടനാട്ടിലും തിരുവൻവണ്ടൂരിലും യു.ഡി.എഫ്. മുന്നിലെത്തിയപ്പോൾ ബുധനൂർ, ചെന്നിത്തല, ആലാ പഞ്ചായത്തുകളിൽ എൽ.ഡി.എഫിനായിരുന്നു മേൽക്കൈ. 2011ലെ തിരഞ്ഞെടുപ്പിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഭൂരിപക്ഷം നേടിയ എൽ.ഡി.എഫ് ഈ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ നഗരസഭയിലും പാണ്ടനാട്, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലും പിന്നിലായി. ചെങ്ങന്നൂർ നഗരസഭയിൽ 254 വോട്ടിന്റെയും പാണ്ടനാട്ടിൽ 72 വോട്ടിന്റെയും തിരുവൻവണ്ടൂരിൽ 294 വോട്ടിന്റെയും ഭൂരിപക്ഷം എബി കുര്യാക്കോസിന് ലഭിച്ചു.
സി.പി.എം കേന്ദ്രമായ മുളക്കുഴയിൽ സജി ചെറിയാന് 2672 വോട്ടുകളുടെ ലീഡാണ് ലഭിച്ചത്. അഞ്ചാം റൗണ്ടിൽ സജി ചെറിയാന്റെ ലീഡ് 804 ആയി താഴ്ന്നപ്പോഴും മുളക്കുഴ എണ്ണിത്തുടങ്ങിയപ്പോഴാണ് ഭൂരിപക്ഷം കയറിത്തുടങ്ങിയത്. ഇവിടം എണ്ണിക്കഴിഞ്ഞപ്പോൾ 3431 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് നില ഭദ്രമാക്കി. തുടർന്നുള്ള റൗണ്ടുകളിൽ ഉൾപ്പെട്ട ആലാ, ചെറിയനാട്, ബുധനൂർ, ചെന്നിത്തല, വെൺമണി പഞ്ചായത്തുകളിലെ വോട്ടുകളെണ്ണിയപ്പോൾ സജി ചെറിയാന് ഒരുതരത്തിലുള്ള വെല്ലുവിളിയുമുയർത്താൻ എബി കുര്യാക്കോസിന് കഴിഞ്ഞിരുന്നില്ല. ചെറിയനാട്- 1,128,ചെന്നിത്തല- തൃപ്പെരുന്തുറ- 500, ബുധനൂർ- 2,021, പുലിയൂർ- 417, ആലാ- 689, മാന്നാർ- 1,417 വെൺമണി- 1,178 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് ലഭിച്ച ഭൂരിപക്ഷം.
ചർച്ചയായി എൻ.ഡി.എയുടെ വോട്ടു നഷ്ടം
2021ലെ തിരഞ്ഞെടുപ്പിനേക്കാൾ യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ എൻ.ഡി.എയുടെ പ്രകടനം മങ്ങിപ്പോയി. കഴിഞ്ഞതവണ യു.ഡി.എഫ് സ്ഥാനാർത്ഥി എം.മുരളി 39,409 വോട്ടുകളും എൻ.ഡി.എ സ്ഥാനാർത്ഥി എം.വി.ഗോപകുമാർ 34,620 വോട്ടുകളും നേടി. ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥി എബി കുര്യാക്കോസ് 47,567 വോട്ട് നേടി സജിയുടെ ഭൂരിപക്ഷം കുറയ്ക്കുകയാണുണ്ടായത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കരുത്തുകാട്ടിയ എൻ.ഡി.എ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നാക്കം പോയി. കഴിഞ്ഞ തവണയും മത്സരിച്ച് 34,620 വോട്ടുകൾ നേടിയ എം.വി ഗോപകുമാറിന് ഇത്തവണ 30,942 വോട്ടുകൾ മാത്രമാണ് നേടാനായത്. എൻ.ഡി.എ എ ക്ലാസ് മണ്ഡലമായി കരുതിയിരുന്ന ചെങ്ങന്നൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കുറഞ്ഞത് ബി.ജെ.പിയിൽ വരുംദിവസങ്ങളിൽ വലിയ ചർച്ചയ്ക്ക് കാരണമാവും.