തൂത്തുക്കുടി- കായംകുളം ദേശീയപാത വൈകുന്നു
ആലപ്പുഴ: മദ്ധ്യകേരളത്തിന്റെ പ്രധാന യാത്രാ ഇടനാഴിയാകുമെന്ന് പ്രതീക്ഷിക്കുന്ന തൂത്തുക്കുടി- കായംകുളം ദേശീയപാത പദ്ധതിക്ക്
ദേശീയപാത അതോറിട്ടിയുടെ അംഗീകാരമായില്ല. സംസ്ഥാന സർക്കാർ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സമർപ്പിച്ച ശുപാർശയ്ക്ക് അംഗീകാരം ലഭിക്കാത്തതിനാൽ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കലും ഭൂമി ഏറ്രെടുക്കലും ഉൾപ്പടെയുള്ള നടപടികൾ തുടങ്ങാനാകാത്ത സ്ഥിതിയാണ്.തമിഴ്നാട്ടിലെ തൂത്തുക്കുടിയെ കായംകുളത്ത് ദേശീയപാത 66മായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. തമിഴ്നാട്ടിലെ തിരുനെൽവേലി, മധുര, രാജപാളയം, തെങ്കാശി എന്നിവിടങ്ങളെ നേരിട്ട് ബന്ധിപ്പിക്കുകയും ചെയ്യുന്നു. കൊല്ലം - തേനി ദേശീയപാത 183, ഭരണിക്കാവ് - മുണ്ടക്കയം ദേശീയപാത 183എ, തിരുവനന്തപുരം - അങ്കമാലി മെയിൻ സെൻട്രൽ റോഡ്, പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാത, കൊല്ലം - തിരുമംഗലം ദേശീയപാത 744 എന്നിവയിലേക്കുള്ള അതിവേഗ കണക്ടിവിറ്റി കൂടിയാണിത്. ആലപ്പുഴയ്ക്കും സമീപ ജില്ലകളായ കൊല്ലത്തിനും പത്തനംതിട്ടയ്ക്കും വലിയമുന്നേറ്റത്തിന് അവസരമൊരുക്കുന്ന പദ്ധതിയാണിത്.
അംഗീകാരത്തിന് കാത്തിരിപ്പ്
1.മദ്ധ്യകേരളത്തിലെ അറിയപ്പെടുന്ന പരമ്പരാഗത കമ്പോളങ്ങളിലൊന്നായ കായംകുളത്തേക്ക് ചരക്ക് നീക്കത്തിന് റോഡുവികസനം സഹായകമാകും.
തൂത്തുക്കുടിയിൽ നിന്ന് കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളിലേക്കും കൊല്ലം തുറമുഖത്തേക്കും വളരെ വേഗത്തിൽ ചരക്ക് നീക്കം സാദ്ധ്യമാകും
2.മത്സ്യബന്ധന തുറമുഖങ്ങളായ നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ, തോട്ടപ്പള്ളി ഹാർബറുകളിൽ നിന്ന് ചെമ്മീൻ ഉൾപ്പെടെയുളള വിഭവങ്ങൾ അയൽ സംസ്ഥാനങ്ങളിലേക്ക് റോഡ് മാർഗം കൊണ്ടുപോകാനാകും
3.തെക്കൻ കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ച്, പുന്നമട, അഴീക്കൽ ബീച്ച്, അമൃതപുരി,തെൻമല ഇക്കോ ടൂറിസം സെന്റർ, പുനലൂർ തൂക്കുപാലം, ജഡായുപ്പാറ എന്നിവിടങ്ങളിലേക്ക്
വേഗത്തിലെത്തിച്ചേരാനാകും
4.പ്രധാന ആരാധനാ കേന്ദ്രങ്ങളായ വർക്കല ശിവഗിരി, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, ചക്കുളത്തുകാവ്, ചെട്ടികുളങ്ങര, അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ഹരിപ്പാട് ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടന ടൂറിസം സർക്യൂട്ടിനും റോഡു വികസനം പ്രയോജനംചെയ്യും
തൂത്തുക്കുടി- കായംകുളം ദേശീയപാത വികസനത്തിനായുള്ള പദ്ധതിക്ക് ദേശീയ പാത അതോറിട്ടിയുടെ അംഗീകാരം ലഭിക്കാത്തതിനാലാണ് തുടർ നടപടികൾ ആരംഭിക്കാനാകാത്തത്.
- പ്രോജക്ട് വിഭാഗം, എൻ.എച്ച്.എ.ഐ
ദേശീയപാത അതോറിട്ടിയുടെ അംഗീകാരം നേടിയെടുക്കാൻ ശക്തമായ ഇടപെടൽ നടത്തിവരികയാണ്
- കൊടിക്കുന്നിൽ സുരേഷ് എം.പി