നെല്ല് വില കാത്ത് കർഷകർ കിട്ടാനുള്ളത് 185 കോടി

Friday 08 May 2026 11:54 PM IST

ആലപ്പുഴ: പുഞ്ചനെല്ല് സംഭരണം അവസാനഘട്ടത്തിലെത്തുകയും രണ്ടാം കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരിക്കെ, ജില്ലയിൽ നെല്ല് വിലയായി കർഷകർക്ക് ലഭിക്കാനുള്ളത് 185 കോടിയിലധികം രൂപ.

പുഞ്ചനെല്ലിന്റെ സംഭരണ വിലയിനത്തിൽ ഇത്രയും ഭീമമായ തുക കുടിശികയായതോടെ രണ്ടാം കൃഷിക്കുള്ള ചെലവിനും നിത്യവൃത്തിക്കും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് കർഷക കുടുംബങ്ങൾ. രണ്ടാം കൃഷിക്കായി പാടങ്ങൾ ഉഴുത് കളനശിക്കുന്നതിനായി വെള്ളം കയറ്റിയിടുന്ന ജോലികളാണിപ്പോൾ നടക്കുന്നത്. മേയ് അവസാനവാരത്തോടെ വിത നടത്തേണ്ട പാടങ്ങളിൽ ജോലിക്കൂലിയുൾപ്പെടെ വലിയൊരുതുക ആവശ്യമാണ്. അദ്ധ്യയന വർഷാരംഭമായതിനാൽ കുട്ടികളെ സ്കൂളിൽ വിടുന്നതുൾപ്പെടെയുള്ള ചെലവുകൾ വേറെയുണ്ട്.

അതേസമയം,​ വിളവെടുപ്പിന്റെ അവസാനഘട്ടത്തിലും മില്ലുകാരുടെ ചൂഷണത്തിന് അറുതിയില്ല. മൂന്നാഴ്ച മുമ്പ് കൊയ്ത്ത് പൂർത്തിയായ ചെറുതന പോച്ച 400 പാടത്തെ നെല്ല് സംഭരിച്ചത് 13 കിലോ കിഴിവ് നൽകിയാണ്. കാലാവസ്ഥ വ്യതിയാനവും ഓരു വെള്ള ഭീഷണിയും കാരണം ഒരേക്കറിൽ നിന്ന് 5 ക്വിന്റൽ നെല്ല് പോലും കർഷകർക്ക് ലഭിച്ചില്ല. 16കിലോ കിഴിവ് ആവശ്യപ്പെട്ടതിനെ തുടർന്ന് മില്ലുകാരുമുണ്ടായ തർക്കം ആഴ്ചകളായി സംഭരണം അവതാളത്തിലാക്കിയിരുന്നു. കൊയ്ത്തു കഴിഞ്ഞ് 22 ദിവസത്തിനു ശേഷം, വേനൽ മഴ ശക്തമായതോടെ നിവൃത്തിയില്ലാതെ 12 കിലോ കിഴിവ് സമ്മതിച്ചാണ് ഇന്നലെ പല കർഷകരും മില്ലുകാർക്ക് നെല്ല് കൈമാറിയത്.

കരാർ പുതുക്കാത്തത് തിരിച്ചടി

1.എസ്.ബി.ഐയും കാനറാബാങ്കും ഉൾപ്പെട്ട ബാങ്ക് കൺസോർഷ്യം സപ്ളൈകോയിൽ നിന്നുള്ള പണം ലഭിക്കാത്തതിനാൽ മാർച്ച് ആദ്യവാരം പണം വിതരണം നിർത്തി വച്ചിരുന്നു

2.കഴിഞ്ഞയാഴ്ച എസ്.ബി.ഐ വില വിതരണം പുനരാരംഭിച്ചെങ്കിലും എഗ്രിമെന്റ് പുതുക്കാത്തതിനാൽ കാനറാ ബാങ്കിൽ പണം വിതരണം ഇനിയും വൈകും

3.ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 17.71 കോടിരൂപയാണ് കുട്ടനാട്ടിലെ കർഷകർക്ക് ലഭിച്ചത്. 185 കോടിയോളം രൂപയാണ് ഇനി കിട്ടാനുള്ളത്.

4.മില്ലുടമകളുടെ ചൂഷണത്തിനും അനാവശ്യ കിഴിവിനും പുറമേ കിട്ടാനുള്ള പണം കൂടി വൈകിയതോടെ കൃഷി തുടരണോയെന്ന ആലോചനയിലാണ് കർഷകർ

നെല്ല് സംഭരണം

ഇതുവരെ : 98,999.500 മെട്രിക് ടൺ

വില വിതരണം: ................17.71കോടി

കിട്ടാനുള്ളത്: ......................185 കോടി

കാലാവസ്ഥാ വ്യതിയാനവും അധികൃതരുടെ അനാസ്ഥയും അധാർമ്മിക കിഴിവും വർദ്ധിച്ച കൂലി ചെലവും രാസവളങ്ങളുടെയും ദൗർലഭ്യവും വിലവർദ്ധനയും നെൽകർഷകരെ ഈ മേഖലയിൽ നിന്ന് പിന്തിരിപ്പിക്കുകയാണ്

- വോയ്സ് ഫോർ ഗ്രേറ്റർ കുട്ടനാട്,​ കർഷക കൂട്ടായ്മ