ചേർത്തലയിലും തണ്ണീർമുക്കം പഞ്ചായത്തിലും ജപ്പാൻജ്വരം
ചേർത്തല: ചേർത്തല നഗരസഭയിലും തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്തിലും ജപ്പാൻജ്വരം റിപ്പോർട്ടു ചെയ്തു. തണ്ണീർമുക്കം 23ാം വാർഡിൽ നാലരവയസുകാരനും നഗരസഭ 23ാം വാർഡിൽ 80 വയസുകാരിക്കുമാണ് രോഗം. ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നിലവിൽ ഇരുവരുടേയും ആരോഗ്യനില തൃപ്തികരമെന്നാണ് വിലയിരുത്തൽ.തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.ചേർത്തല നഗരസഭയിൽ രോഗബാധയുണ്ടായ പ്രദേശത്തും പരിസരത്തും കൊതുകു നിർമ്മാർജ്ജനത്തിനായുള്ള പ്രവർത്തനങ്ങൾ നടത്തി. നഗരസഭചെയർമാൻ എസ്. സോബിന്റെ സാന്നിദ്ധ്യത്തിൽ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പധികൃതരുടേയും യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിലും അടിയന്തിര അവലോകനയോഗം ചേർന്നു. പ്രസിഡന്റ് എ.കെ.പ്രസന്നൻ അദ്ധ്യക്ഷനായി. മെഡിക്കൽ ഓഫീസർമാരായ ഡോ.ജയന്തി,ഡോ.മനു മഹീധരൻ,വൈസ് പ്രസിഡന്റ് ലിജി,സെക്രട്ടറി സുരേഷ്‌കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.സുമേഷ്,പ്രവീൺ.ജി.പണിക്കർ,യമുന,ഹെൽത്ത് ഇൻസ്പക്ടർ ഹരിലാൽ,ഗ്രാമപ്പഞ്ചായത്തംഗങ്ങൾ,ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
അടിയന്തര യോഗം ഇന്ന് ജപ്പാൻ ജ്വരത്തിന്റെയും അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിന്റെയും സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പ്രതിരോധം ശക്തമാക്കുന്നതിനുമായി നിയുക്ത എം.എൽ.എ പി. പ്രസാദ് ആരോഗ്യവകുപ്പദ്യോഗസ്ഥരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തലവൻമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിച്ചു. 14ന് രാവിലെ 10ന് എൻ.എസ്.എസ് യൂണിയൻ ഹാളിലാണ് യോഗം.