കൃഷി നശിപ്പിച്ച് കാട്ടുപന്നികൾ, പ്രതിസന്ധിയിൽ കർഷകർ
ചാരുംമൂട് : ചാരുംമൂട് മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ കാട്ടുപന്നിശല്യം കർഷകർക്ക് ഭീഷണിയാകുന്നു. ലക്ഷക്കണക്കിന് രൂപയുടെ കരകൃഷിയാണ് കഴിഞ്ഞ കുറച്ചുനാളുകൾക്കുള്ളിൽ കാട്ടുപന്നി നശിപ്പിച്ചിട്ടുള്ളത്. മനുഷ്യരെ ആക്രമിക്കുന്ന സംഭവവുമുണ്ടായിട്ടുണ്ട്.
നാൾക്കുനാൾ കാട്ടുപന്നികളുടെ എണ്ണം വർദ്ധിച്ചുവരുന്നതായാണ് കർഷകർ പറയുന്നത്. പകൽ കുറ്റിക്കാടുകളിലും കനാലുകളിലും താമസമില്ലാത്ത പുരയിടങ്ങളിലും കഴിച്ചുകൂട്ടുന്ന കാട്ടുപന്നികൾ രാത്രികാലങ്ങളിലാണ് വിഹരിക്കുന്നത്. കാട്ടുപന്നികളെ ഭയന്ന് കർഷകർ കൃഷിയിൽ നിന്ന് പിൻമാറുന്ന സാഹചര്യവും ഇവിടങ്ങളിൽ നിലനിൽക്കുന്നുണ്ട്. അർദ്ധരാത്രി മുതൽ പുലർച്ചെ വരെ വിഹരിക്കുന്ന കാട്ടുപന്നികളെ പലപ്പോഴും റോഡിലും കാണാറുണ്ട്. കാൽനടയാത്രക്കാരെ ഇവ ആക്രമിക്കുകയും ചെയ്യും.
വെടി വയ്ക്കാം, ഷൂട്ടർമാരില്ല
നൂറനാട്,പാലമേൽ,താമരക്കുളം, ചുനക്കര, വള്ളികുന്നം പഞ്ചായത്തിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്
പ്രദശത്ത് കനാലിലും പൊട്ടക്കിണറുകളിലും കാട്ടുപന്നികൾ ചത്തുവീഴുന്നതും പതിവാണ്
പന്നികളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഷൂട്ടർമാർ കുറവായത് വെല്ലുവിളിയാണ്
മേഖലയിലാകെ കാട്ടുപന്നി ശല്യം കാരണം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്
കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കാട് പിടിച്ചുകിടക്കുന്ന ഭൂമി വൃത്തിയാക്കി സോളാർ വേലി സ്ഥാപിക്കണം. കർഷകരുടെ സുരക്ഷയും കാർഷിക മേഖലയുടെ സംരക്ഷണവും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഏകോപിത പദ്ധതി പ്രഖ്യാപിക്കണം.
- എം.എസ്.രോഹിത്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ