അദാനി ഗ്രൂപ്പുമായി കൈകോർത്ത് മഹാഗുരു കോളേജ്

Thursday 14 May 2026 12:03 AM IST

മാവേലിക്കര: പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പിന്റെ ദേശീയ വിദ്യാഭ്യാസ, വ്യവസായ സഹകരണ പദ്ധതിയായ ഫ്യൂച്ചർ എക്സുമായി കട്ടച്ചിറ മഹാഗുരു കോളേജ് ധാരണാപത്രത്തിൽ ഒപ്പുവച്ചു. വിദ്യാർത്ഥികൾക്ക് ആധുനിക സാങ്കേതിക വിദ്യകളിൽ പരിശീലനം, വ്യവസായ അനുഭവം, ഗവേഷണ അവസരങ്ങൾ, ഇന്റേൺഷിപ്പുകൾ, പ്ലേസ്‌മെന്റ് സാദ്ധ്യതകൾ എന്നിവ ഉറപ്പാക്കുന്നതിനുള്ള മുന്നേറ്റമായാണ് ഈ സഹകരണത്തിലൂടെ കോളേജിന് ലഭിക്കുന്നത്. രാജ്യത്തെ മുൻനിര സ്ഥാപനങ്ങളോടൊപ്പമുള്ള സഹകരണം മഹാഗുരു കോളേജിന്റെ അക്കാഡമിക്-ഇൻഡസ്ട്രി ബന്ധങ്ങൾക്ക് പുതിയ ദിശ നൽകുമെന്ന് അധികൃതർ അറിയിച്ചു.

ചടങ്ങിൽ കോളേജ് മാനേജ്മെന്റ് പ്രതിനിധികളും ഫ്യൂച്ചർ എക്സ് ഭാരവാഹികളും അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. ഫ്യൂച്ചർ എക്സ് പദ്ധതിയുടെ ഭാഗമായി കോളേജിൽ സ്മാർട്ട് ടെക്നോളജി ലാബുകൾ, ഹാക്കത്തോണുകൾ, ഇൻഡസ്ട്രി ഇന്ററാക്ഷൻ പ്രോഗ്രാമുകൾ, സ്കിൽ ഡെവലപ്മെന്റ് ട്രെയിനിംഗുകൾ, വിദഗ്ധരുടെ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും. കൂടാതെ റോബോട്ടിക്സ്, ആർടിഫിഷൽ ഇന്റലിജൻസ്, സ്മാർട്ട് മാനുഫാക്ചറിംഗ്, സബ്സ്റ്റേനബിൾ ഇൻഫ്രാസ്ക്ചർ തുടങ്ങിയ ഭാവി സാങ്കേതിക മേഖലകളിൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള പരിശീലനവും പ്രായോഗിക പരിചയവും ലഭ്യമാകും. വിദ്യാർത്ഥികളുടെ തൊഴിൽ സാദ്ധ്യതകളും സാങ്കേതിക മികവും ഉയർത്താൻ ഈ സഹകരണം നിർണായകമായ ഒരു ചുവടുവയ്പ്പാകുമെന്ന് കോളേജ് മാനേജ്മെന്റും അദ്ധ്യാപകരും അറിയിച്ചു. വിദ്യാഭ്യാസ രംഗത്ത് വ്യവസായ സഹകരണത്തിന്റെ പുതിയ മാതൃകയായി ഈ കൂട്ടുകെട്ട് മാറുമെന്ന പ്രതീക്ഷയാണുള്ളത്.