വേനൽമഴയിൽ നനഞ്ഞ് പത്ത് ലോഡ് നെല്ല്

Monday 18 May 2026 10:13 PM IST

ആലപ്പുഴ : വേനൽമഴ ശക്തമായിരിക്കെ തകഴി കുന്നുമ്മയിൽ കൊയ്ത്തുകഴിഞ്ഞ പത്ത് ലോഡോളം നെല്ല് സംഭരിക്കാതെ റോഡിൽ കിടക്കുന്നത് കിടക്കുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. നെല്ലേറ്റെടുക്കാൻ പാഡി ഓഫീസിൽ കർഷകർ കയറിയിറങ്ങിയിട്ടും നടപടിയുണ്ടായിട്ടില്ല. 20കിലോ കിഴിവ് നൽകാൻ കൂട്ടാക്കാത്തതിനാൽ നെല്ല് പാടത്തുപേക്ഷിച്ച് മില്ലുകാർ സ്ഥലം വിട്ടതോടെ ഇന്ന് പാഡി ഓഫീസിൽ സമരം നടത്താനാണ് കർഷകരുടെ തീരുമാനം.

തകഴി പഞ്ചായത്ത് 10ാം വാ‌ർഡ് കുന്നുമ്മയിലെ കെട്ടുതറക്കരി പാടത്തെ 110 ഏക്കറിൽ കൃഷിയിറക്കിയ 72 കർഷകരുടെ അദ്ധ്വാനത്തിന്റെ ഫലമാണ് മഴയും വെയിലുമേറ്റ് നശിക്കുന്നത്. മേയ് 2നായിരുന്നു ഇവിടെ കൊയ്ത്ത്.

കൊയ്ത്തിന് മെഷീൻ ഇറങ്ങിയപ്പോൾ തന്നെ പാടശേഖരസമിതി ഭാരവാഹികൾ സപ്ളൈകോ പാ‌ഡി ഓഫീസിൽ അറിയിക്കുകയും പാഡി മാർക്കറ്റിംഗ് വിഭാഗം നെല്ല് സംഭരണത്തിനായി മില്ലുകാരെ നിയോഗിക്കുകയും ചെയ്തു. മില്ലുകാരുടെ ഏജന്റുമാർ വന്ന് നെല്ല് പരിശോധിച്ച് മടങ്ങിയതല്ലാതെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ യാതൊരു നടപടിയുമുണ്ടായില്ല. കൃഷിയ്ക്ക് മുടക്കിയതിന്റെ നാലിലൊന്നുപോലും തിരിച്ചുകിട്ടില്ലെന്നിരിക്കെ നെല്ല് സപ്ളൈകോയേറ്രെടുത്ത് പി.ആർ.എസ് രസീത് നൽകിയാൽ മാത്രമേ ഉള്ള പണമെങ്കിലും അക്കൗണ്ടിലെത്തൂ.

രണ്ടാം കൃഷിയ്ക്ക് പാടമൊരുക്കലുൾപ്പെടെയുള്ള ജോലികളും ശേഷിക്കുകയാണ്. നെല്ല് മില്ലുകാർക്കുപോലും വേണ്ടാത്ത സാഹചര്യത്തിൽ പണവും അദ്ധ്വാനവും ചെലവഴിച്ച് എന്തിന് കൃഷിചെയ്യണമെന്നാണ് കർഷകരുടെ ചോദ്യം.

കിഴിവിന്റെ പേരിൽ സംഭരിക്കുന്നില്ല

 പാഡി ഓഫീസുമായി ബന്ധപ്പെട്ടതിന് പിന്നാലെ മില്ലുകരുടെ പ്രതിനിധിയെത്തി ക്വിന്റലിന് 20 കിലോ കിഴിവ് നൽകിയാൽ നെല്ലേറ്രെടുക്കാമെന്നറിയിച്ചു

 തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് ഉപ്പുവെള്ളം കയറിയതിനാൽ, പ്രതീക്ഷിച്ചതിന്റെ പകുതി വിളവുപോലും ലഭിക്കാത്ത കർഷകർ ഇത് അംഗീകരിച്ചില്ല

 ഇതോടെ നെല്ല് സംഭരിക്കാതെ മില്ലുകാർ നിസ്സഹകരിച്ചതാണ് രണ്ടാഴ്ചിലേറെയായി നെല്ല് പാടത്തു കൂട്ടിയിടാൻ കാരണമായത്

 നിലവിൽ പാടത്തിന് സമീപത്തെ റോഡിൽ പത്തുലോഡോളം നെല്ല്. ടാർപോളിൻ മൂടി കൂട്ടിയിട്ടിരിക്കുകയാണ്

മില്ലുകാർ ആവശ്യപ്പെട്ട കിഴിവ്

20 കി.ഗ്രാം

നെല്ല് സംഭരണത്തിനായി മുട്ടാത്ത വാതിലുകളില്ല. ഭീമമായ നഷ്ടമാണ് ഓരുവെള്ള കയറ്റത്തിലുണ്ടായത്. കൊയ്തെടുത്ത നെല്ല് പോലും സംഭരിക്കാതിരുന്നാൽ ഇനി എന്തിനാണ് കൃഷി ചെയ്യുന്നത്. പാഡി ഓഫീസിൽ സമരം നടത്താനാണ് തീരുമാനം

- അജയകുമാർ, സെക്രട്ടറി, പാടശേഖരസമിതി