ഫ്രീ യാത്രയ്ക്ക് കാത്തിരിപ്പ്, ട്രാവൽ കാർഡ് റീ ചാർജ് കുറഞ്ഞു

Wednesday 20 May 2026 11:53 PM IST

ആലപ്പുഴ: സ്ത്രീകൾക്ക് സൗജന്യയാത്ര വാഗ്ദാനം വന്നതോടെ കെ.എസ്.ആർ.ടി.സിയുടെ ട്രാവൽ കാർഡ് റീചാ‌ർജ് ചെയ്യുന്നതിൽ വൻകുറവ്. ട്രാവൽ കാർഡ് ഉപയോഗിക്കുന്നവരിൽ നല്ലൊരു ശതമാനവും സ്ത്രീയാത്രക്കാരുമാണ്. ഇതിൽ, വലിയ തുകയ്ക്ക് റീ ചാ‌ർജ്ജ് ചെയ്തിരുന്നവർ ഇപ്പോൾ ചെറിയ തുകയിലേക്ക് മാറി. ആൺ, പെൺ എന്ന് രേഖപ്പെടുത്തി ടിക്കറ്റ് നൽകിത്തുടങ്ങിയതോടെയാണ് പലരും റീ ചാർജ് ചെയ്യുന്നത് കുറച്ചത്.

പ്രധാന ഡിപ്പോകളിൽ തിങ്കളാഴ്ചകളിൽ സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ റീച്ചാർജ് നടന്നിരുന്നതായാണ് ജീവനക്കാർ പറയുന്നത്. എന്നാൽ സൗജന്യ യാത്രാ വാഗ്ദാനം യാഥാർത്ഥ്യമാകുന്നതോടെ കാർഡ് ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പലരും.

ആദ്യഘട്ടത്തിൽ ആയിരം രൂപയ്ക്ക് 40രൂപയും 2000 രൂപയ്ക്ക് 100 രൂപയും അധികമായി ലഭിച്ചിരുന്നതിനാൽ പതിവ് യാത്രക്കാർക്ക് പദ്ധതി ഏറെ ലാഭകരമായിരുന്നു. പിന്നീട് റീച്ചാർജ് പരിധി 5000 രൂപവരെ ഉയർത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ 2000 രൂപ റീച്ചാർജ് ചെയ്തിരുന്നവർ 1000 രൂപയിലേക്കും, 1000 രൂപ ചെയ്തിരുന്നവർ 500 രൂപയിലേക്കുമായി റീ ചാർജ് കുറച്ചു. 200 രൂപയ്ക്ക് റീ ചാർജ് ചെയ്യുന്നവരും നിരവധിയാണ്. ഏത് വിഭാഗം സ്ത്രീകൾക്കായിരിക്കും സൗജന്യയാത്ര, സാധാരണ സർവീസുകൾക്കു മാത്രമാണോ ബാധകമാകുക, ഫാസ്റ്റ്-സൂപ്പർഫാസ്റ്റ് സർവീസുകൾക്കും സൗജന്യയാത്ര അനുവദിക്കുമോ തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.