അപകടക്കെണിയായി സർവ്വീസ് റോഡുകൾ
അമ്പലപ്പുഴ: നിർമ്മാണം നടക്കുന്ന ദേശീയ പാതയിലെ സർവ്വീസ് റോഡുകൾ കുണ്ടും കുഴിയുമായി യാത്രക്കാരുടെ നടുവൊടിക്കുന്നു. പുന്നപ്ര അറവുകാട് മുതൽ അമ്പലപ്പുഴ വരെയുള്ള ഇരുവശങ്ങളിലെയും സർവ്വീസ് റോഡുകളാണ് തകർന്നു കിടക്കുന്നത്. നിരവധി കുഴികളാണ് റോഡിലുള്ളത്.
മഴ ശക്തമായതോടെയാണ് പല സ്ഥലങ്ങളിലേയും റോഡ് താഴുകയും കുഴികൾ രൂപപ്പെടുകയും ചെയ്തത്. പുന്നപ്ര ഭാഗത്ത് സർവ്വീസ് റോഡിൽ നിരവധി അപകടങ്ങളാണ് ദിവസേന ഉണ്ടാകുന്നത്. വണ്ടാനം പോസ്റ്റ് ഓഫീസിനു മുന്നിലെ റോഡിൽ വലിയ രണ്ടുകുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
മഴവെള്ളം കെട്ടിക്കിടക്കുമ്പോൾ കുഴിയുണ്ടെന്നറിയാതെ വാഹനങ്ങൾ അപകടത്തിൽപ്പെടും. ഇരുചക്രവാഹനങ്ങൾ തെന്നിവീണുള്ള അപകടങ്ങളും വർദ്ധിച്ചു. കാക്കാഴം കായിപ്പള്ളി ക്ഷേത്രത്തിന് മുൻവശവും റോഡ് സഞ്ചാരയോഗ്യമല്ലാതായി മാറി.
കുഴികൾ ഭീഷണി
കാലവർഷം കനക്കുമ്പോൾ റോഡ് കൂടുതൽ മോശമാകുകയും അപകടങ്ങൾ വർദ്ധിക്കുകയും ചെയ്യും
നിരവധി അപകടങ്ങൾ ഉണ്ടായിട്ടും ദേശീയ പാതാ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്
ഇരുചക്ര വാഹനയാത്രക്കാർ കുഴിയിൽ വീണ് അപകടത്തിൽപ്പെടാൻ സാദ്ധ്യതയേറെയാണ്
കാക്കാഴം കായിപ്പള്ളി ക്ഷേത്രത്തിന് മുൻവശം നാഷണൽ ഹൈവേയിൽ കുറച്ച് ഭാഗം താഴ്ന്നു പോകുകയും വലിയ കുഴി രൂപപ്പെടുകയും ചെയ്തിട്ടുള്ളത് മൂലം നിരവധി അപകടങ്ങളാണ് ദൈനംദിനം ഉണ്ടാകുന്നത്. താഴെക്കൂടി പൈപ്പ് ഇടുന്നതിനുവേണ്ടി വേണ്ടി റോഡ് പൊളിച്ചുവെങ്കിലും ആവശ്യമായ ഗ്രാവൽ വിരിക്കാതെ കുഴിച്ച ഭാഗം ടാർ ഒഴിച്ച് അറ്റകുറ്റപ്പണി നടത്തുകയായിരുന്നു
- യു .എം. കബീർ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്