പറന്നുയർന്ന് കോഴിത്തീറ്റ വില
ആലപ്പുഴ : ഇന്ധനവില വർദ്ധനയെത്തുടർന്ന് കോഴിത്തീറ്റ വിലയിലുണ്ടായ കുതിച്ചുകയറ്റം കോഴികർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഒരാഴ്ചയ്ക്കിടെ 50 കിലോയുടെ ഒരു ചാക്ക് കൊഴിത്തീറ്റയ്ക്ക് 400 രൂപയോളമാണ് വില കൂടിയത്. കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
കോഴികൾക്ക് പ്രീസ്റ്റാർട്ടർ, സ്റ്റാർട്ടർ, ഫിനിഷർ എന്നിങ്ങനെ മൂന്നിനത്തിലാണ് തീറ്റ നൽകുന്നത്. കുഞ്ഞായിരിക്കേ നൽകുന്ന തരിയില്ലാത്ത തീറ്റയാണ് പ്രീ സ്റ്റാർട്ടർ, പ്രോട്ടീൻ കൂടുതലുള്ളതാണ് സ്റ്റാർട്ടർ, പിന്നത്തേതാണ് ഫിനിഷർ. 45 ദിവസം വരെയാണ് കോഴികളെ വളർത്തേണ്ടത്. ഒരു കോഴിക്ക് കുറഞ്ഞത് മൂന്നുകിലോ തീറ്റ വേണ്ടി വരും. വൈദ്യുതി, അറക്കപ്പൊടി എന്നിവയുടെ ചെലവ് വേറെ. രോഗങ്ങൾ കാരണം കോഴികൾ ചാകുന്നത് നഷ്ടം വർദ്ധിപ്പിക്കും.
സ്വന്തമായി കോഴി വളർത്തുന്നവർക്ക് പണിക്കൂലി പോലും പലപ്പോഴും ലഭിക്കാറില്ലെന്നും കർഷകർ പറയുന്നു. വലിയ ഫാമുകളിൽ തൊഴിലാളികൾക്കുള്ള കൂലിയും കണ്ടെത്തണം. കോഴി ഒരു കിലോഭാരമെത്തുന്നതിന് 110 രൂപയാണ് വളർത്ത് ചെലവായി കണക്കാക്കന്നത്.
ഒരാഴ്ചക്കുള്ളിൽ വർദ്ധിച്ചത്
ചാക്കിന് ₹400
കോഴിവളർത്തൽ കുറയുന്നു
1. ലാഭം ലഭിക്കാതായതോടെ കർഷകർ കോഴിവളർത്തൽ കുറച്ചു. നിലവിൽ കിലോയ്ക്ക് 125 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. വില്പനക്കാർ 155 രൂപയ്ക്കാണ് വിൽക്കുന്നത്.
2.കോഴിവളർത്തൽ കുറഞ്ഞപ്പോൾ കോഴിക്കുഞ്ഞുങ്ങൾക്കും വിലകുറഞ്ഞു. ഒരെണ്ണത്തിന് 40രൂപയിൽ നിന്ന് 20 രൂപയായി. തമിഴ്നാട്ടിൽ നിന്നാണ് ഇവയെ എത്തിക്കുന്നത്
കോഴിത്തീറ്റ വില
(നിലവിൽ, ഒരാഴ്ച മുമ്പ്)
പ്രീ സ്റ്റാർട്ടർ: 2450, 2050
സ്റ്റാർട്ടർ: 2400, 2010
ഫിനിഷർ: 2350, 1995
കോഴിയ്ക്ക് വില : ₹125 (കിലോയ്ക്ക്)
കോഴിക്കുഞ്ഞ് (ഒന്നിന്) : ₹20
കോഴിക്കൃഷിയുമായി മുന്നോട്ട് പോകാൻ വലിയ ബുദ്ധിമുട്ടാണിപ്പോൾ. മേഖലിയിലെ പ്രശ്നങ്ങൾ പരിഹരിക്കണം. ഇതിനായി മൃഗസംരക്ഷണ വകുപ്പ് മന്ത്രിയെ കാണും.
-എസ്.കെ. നസീർ, സംസ്ഥാന ജനറൽ സെക്രട്ടറി,
ഓൾ കേരള പൗൾട്രി ഫെഡറേഷൻ