# വിദ്യാർത്ഥിക്ക് തുണയായത് ഹൈക്കോടതി വിധി
ചേർത്തല: ചേർത്തല ശ്രീനാരായണ കോളേജിലെ ബിരുദ വിദ്യാർത്ഥി പി.അനന്തകൃഷ്ണനെ നാഷണൽ സർവീസ് സ്കീം ബെസ്റ്റ് വോളണ്ടിയർ അവാർഡിന് പരിഗണിക്കാതിരുന്ന കേരള യൂണിവേഴ്സിറ്റി, ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് തെറ്റ് തിരുത്തി അവാർഡ് സമ്മാനിച്ചു. മൂന്ന് നാഷണൽ ക്യാമ്പുകൾ ഉൾപ്പെടെ മികച്ച യോഗ്യതകൾ ഉണ്ടായിരുന്നിട്ടും അവാർഡ് പട്ടികയിൽ ഉൾപ്പെടാതിരുന്ന അനന്തകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അർഹതപ്പെട്ട അംഗീകാരം തേടിയെത്തിയത്.
എല്ലാ അദ്ധ്യയന വർഷവും കേരള സർവകലാശാല മികച്ച എൻ.എസ്.എസ് വോളണ്ടിയർമാർക്ക് നൽകുന്ന അവാർഡ് കഴിഞ്ഞ അദ്ധ്യയന വർഷം 16 വിദ്യാർത്ഥികൾക്കാണ് നൽകിയത്. 2022 ഒക്ടോബർ 18നാണ് അവാർഡ് പ്രഖ്യാപിച്ചത്.
നവംബർ 15 ന് തിരുവനന്തപുരത്തായിരുന്നു അവാർഡ് ദാന ചടങ്ങ്. തുടർന്ന് അനന്തകൃഷ്ണൻ മുഖ്യമന്ത്റിക്കും വൈസ് ചാൻസിലർക്കും ഗവർണർക്കും പരാതി നൽകി. ഏറെനാൾ കാത്തിരുന്നിട്ടും പരിഹാരമുണ്ടായില്ല. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. അനന്തകൃഷണന്റെ ക്രഡൻഷ്യൽസ് പുനർ മൂല്യനിർണയം ചെയ്യണമെന്ന് നവംബർ 15ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ യൂണിവേഴ്സിറ്റിക്ക് നിർദ്ദേശം നൽകി. കോളേജും നാഷണൽ സർവീസ് സ്കീം യൂണിറ്റും അദ്ധ്യാപകരും അനന്തകൃഷ്ണനൊപ്പം നിന്നു. നവംബർ 22 ന് ഹിയറിംഗ് നടത്തിയ യൂണിവേഴ്സിറ്റി തെറ്റ് തിരുത്തി അനന്തകൃഷ്ണന് കൂടി അവാർഡ് നൽകാൻ നിശ്ചയിക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരി 10ന് നാഷണൽ സർവീസ് സ്‌കീമിന്റെ കേരള യൂണിവേഴ്സിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ കോ ഓർഡിനേറ്റർ ഡോ.ഷാജിയിൽ നിന്ന് അനന്തകൃഷ്ണൻ പ്രശംസാപത്രവും മൊമന്റോയും ഏറ്റുവാങ്ങി. അനീതികൾ ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ് നിയമ പോരാട്ടം നടത്തിയതെന്ന് അനന്തകൃഷ്ണൻ പറഞ്ഞു.വയലാർ പഞ്ചായത്ത് 12-ാം വാർഡ് കൊല്ലപ്പള്ളി ചേന്നാേത്ത്വെളി സി.എസ്.പ്രകാശന്റെയും സുമിതയുടേയും മകനാണ് പി.അനന്തകൃഷ്ണൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |