അമ്പലപ്പുഴ: അമ്പലപ്പുഴ വടക്കു പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ തീരത്ത് കഴിഞ്ഞ ദിവസമുണ്ടായ അപ്രതീക്ഷിത കടൽക്ഷോഭത്തിൽ വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട നാലു കുടുംബങ്ങൾ ഇനിയെന്തെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ വലയുന്നു. പുതുവലിൽ സുഭാഷ്, ലതിയമ്മ, രാജേഷ്, അജി എന്നിവരുടെ വീടുകളും വീട്ടുപകരണങ്ങളുമാണ് ബുധനാഴ്ച രാത്രി നഷ്ടമായത്.
അന്നു പകൽ കടൽ ശാന്തമായിരുന്നു. പക്ഷേ, വൈകിട്ടോടെ ഇളകിമറിഞ്ഞു. അജി മത്സ്യബന്ധനത്തിന് വള്ളത്തിൽ പോയിരുന്നതിനാൽ, ഹൃദ്രോഗിയായ ഭാര്യ അശ്വതി രണ്ടു മക്കളുമായി സമീപത്തുള്ള കുടുംബ വീട്ടിലേക്കു മാറി. അവിടെ താമസിക്കുന്ന സഹോദരൻ അനീഷും മത്സ്യബന്ധനത്തിനു പോയിരുന്നു. വൃദ്ധയും രോഗിയുമായ അമ്മ ലീലയും അനീഷിന്റെ ഭാര്യ ശ്യാമയും ഒമ്പതിലും ഏഴിലും പഠിക്കുന്ന രണ്ടു പെൺകുട്ടികളും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഭക്ഷണം കഴിച്ച് ഉറങ്ങിയ ഇവർ രാത്രി 11 ഓടെ തിരമാലകൾ ഇരമ്പിയെത്തുന്നതറിഞ്ഞാണ് ഉണർന്നത്. വീടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറി. കൂറ്റൻ പാറക്കല്ലുകളും മറ്റെന്തൊക്കെയോ സാധനങ്ങളും തിരമാലകൾക്കൊപ്പം ഭിത്തിയിൽ വന്നിടിക്കുന്ന ശബ്ദവും കേൾക്കാമായിരുന്നു. പുലർച്ചെ 3 വരെ കട്ടിലിൽ കുത്തിയിരിക്കേണ്ടി വന്നു. തുടർന്ന് കടൽ അല്പമൊന്ന് ശാന്തമായപ്പോൾ എല്ലാവരും കൂടി കുറച്ചു ദൂരെയുള്ള പറമ്പിൽ പോയിരുന്നു. ഇതിനിടെ വീടു തകർന്നു. മത്സ്യബന്ധനത്തിന് പോയി തിരിച്ചെത്തിയ അജിയും അനീഷും കാണുന്നത് ഈ ദുരന്ത കാഴ്ചയാണ്. മറ്റുള്ളവരുടെ വീടുകളിലും ഇതേ ദുരവസ്ഥയായിരുന്നു.
അമ്പലപ്പുഴ വടക്കുപഞ്ചായത്ത് അധികൃതരും റവന്യു അധികൃതരുമെത്തി ഇവരെ മത്സ്യഫെഡിന്റെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ഹാളിലേക്കു മാറ്റി. ഇവിടെ തകർന്ന വീടുകളിലെയും തകർച്ചാഭീഷണി നേരിടുന്ന മറ്റ് 6 വീടുകളിലേതുമായി 10 കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്. പത്തു വർഷത്തോളമായി ഹൃദ് രോഗത്തിന് ചികിത്സ നടത്തുന്ന അശ്വതിയുടെ വീട് സ്വകാര്യ സ്ഥാപനത്തിൽ നിന്നു 15 ലക്ഷത്തോളം രൂപ വായ്പയെടുത്ത് നിർമ്മിച്ചതായിരുന്നു. മൂന്നു മുറിയും ഹാളും സിറ്റൗട്ടും അടുക്കളയുമുണ്ടായിരുന്ന വീട് പൂർണമായും തകർന്നു.
വീടിനൊപ്പം വീട്ടിലുള്ളതും
വീടു പോയവർക്കെല്ലാം വീട്ടുപകരണങ്ങളും നഷ്ടമായി. വീടുവയ്ക്കുമ്പോൾ പടിഞ്ഞാറ് റോഡും ടെട്രോ പോഡും ഉണ്ടായിരുന്നു. ടെട്രോ പോഡുകൾ താഴുകയും റോഡ് പൂർണമായും തകരുകയും കാലക്രമേണ കടൽ വീടിനടുത്ത് വരെ എത്തുകയുമായിരുന്നു. ടെട്രോ പോഡുകൾ നിരത്തിയ സ്ഥലങ്ങളിലും കടൽ വെള്ളം ഇതിനിടയിലൂടെ ഇരച്ചെത്തിയതായും നാട്ടുകാർ പറയുന്നു. ഏഴര സെന്റ് ഉണ്ടായിരുന്ന അനീഷിന്റെ 3 സെന്റോളം കടലെടുത്തു. വീടിന്റെ ഭിത്തി വരെ എത്തിയിരിക്കുകയാണ് കടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |