മാഹി: പന്തക്കൽ ഊരോത്തുമ്മൽ ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണം മോഷണം പോയ കേസിലെ പ്രതിയെ മാഹി പൊലീസ് പിടികൂടി. പരാതിക്കാരിയുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഹോംനഴ്സിന്റെ ഭർതൃ സഹോദരൻ ആറളം വെളിമാനം കോളനിയിലെ ദിനേശ് (21) എന്ന അനിയൻ ബാവയാണ് ആറളത്ത് അറസ്റ്റിലായത്. മാഹി സർക്കിൾ ഇൻസ്‌പെക്ടർ പി.എ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ആറളം സ്വദേശിനിയായ ഹോംനഴ്സിനെയും ഭർത്താവിനെയും പിടികൂടാൻ തിരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് സപ്രമയ കോട്ടേഴ്സിലെ രമ്യയുടെ വീട്ടിൽ സൂക്ഷിച്ച സ്വർണ്ണം മോഷണം പോയത്. മലബാർ കാൻസർ സെന്റർ ജീവനക്കാരിയായ രമ്യ ജോലിക്ക് പോകുമ്പോൾ രണ്ട് മക്കളെ പരിപാലിക്കാനായി നിയമിച്ച ഹോംനഴ്സ് ഷൈനിയാണ് മോഷണത്തിന്റെ സൂത്രധാരൻ. ഷൈനിയുടെ പെരുമാറ്റം ഇഷ്ടമാകാത്തതിനാൽ ഏജൻസിയെ സമീപിച്ച് ഹോംനഴ്സിനെ മാറ്റുവാൻ രമ്യ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജോലി നിർത്തിയ ഷൈനി മടങ്ങുമ്പോൾ വീടിന്റെ താക്കോൽ തന്ത്രപൂർവ്വം കൈക്കലാക്കിയിരുന്നു. തുടർന്ന് ശനിയാഴ്ച രാത്രി പിടിയിലായ ദിനേശും ഷൈനിയുടെ ഭർത്താവ് ദിലീപും ചേർന്ന് സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. കിടപ്പുമുറിയിൽ അലമാരയിൽ സൂക്ഷിച്ച 25 പവൻ സ്വർണാഭരണങ്ങളാണ് കവർന്നത്.
രമ്യയുടെ പരാതിയിൽ മാഹി പൊലീസ് നടത്തിയ അന്വേഷണത്തിൽ ദിനേശിനെ പിടികൂടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഷൈനിയുടെ വീടിന്റെ പിൻവശത്ത് കുഴിച്ചിട്ട നിലയിൽ 15 പവൻ സ്വർണം കണ്ടെത്തിയത്. പിടിയായ ദിനേശ് നിരവധി കേസുകളിൽ പ്രതിയാണ്. 2023ൽ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചിരുന്നു. ഇയാളെ പൊലീസ് മാഹി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ സഞ്ചരിച്ച പൾസർ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |