മൂവാറ്രുപുഴ: കേരളത്തിന്റെ മഹത്തായ പാരമ്പര്യം നിലനിർത്തുന്നതിൽ ഗ്രന്ഥശാലകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. കദളിക്കാട് നാഷണൽ റീഡിംഗ് ക്ലബ്ബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും ജൂബിലി സ്മാരക ഹാളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കാലത്തിന് അനുസൃതമായി വിരൽത്തുമ്പിൽ പുസ്തകങ്ങൾ ലഭ്യമാകുന്ന തരത്തിൽ ലൈബ്രറികൾ ഡിജിറ്റലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മതസ്പർദ്ധ വളർത്താൻ ശ്രമിക്കുന്നവർക്കിടയിൽ മതനിരപേക്ഷത ഉയർത്തി പിടിച്ച് മുന്നോട്ട് പോകാൻ സാധിക്കണമെന്നും സ്പീക്കർ പറഞ്ഞു.
1949 ൽ പ്രവർത്തനമാരംഭിച്ച നാഷ്ണൽ റീഡിംഗ് ക്ലബ്ബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ ജൂബിലി ആഘോഷങ്ങൾക്കാണ് സമാപനമായത്. 8000 ത്തോളം പുസ്തകങ്ങളുമായി വായനയുടെ വലിയൊരു ലോകത്തേക്ക് വഴി തുറക്കുകയാണ് ഈ വായനശാല.
ചടങ്ങിൽ മാത്യൂ കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസി ജോളി, മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, നാഷ്ണൽ റീഡിംഗ് ക്ലബ്ബ് ആൻഡ് പബ്ലിക് ലൈബ്രറി പ്രസിഡന്റ് ജയ ജോർജ്, സെക്രട്ടറി ഇ. കെ. സുരേഷ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ , താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ ഉണ്ണി, വിമലമാതാ പള്ളി വികാരി ഡോ. തോമസ് പോത്തനാമൂഴി, വിമലമാതാ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് സി. നിർമ്മൽ മരിയ, മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്തംഗങ്ങളായ ജാസ്മിൻ റെജി, അനിത റെജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |