മുണ്ടക്കയം ഈസ്റ്റ് : ഒന്നും രണ്ടുമല്ല 26 കാട്ടാനകൾ.... വനാതിർത്തി മേഖലയിലെ ജനങ്ങൾ ഭീതിയുടെ നിഴലിലാണ്. മതമ്പ, കാളകെട്ടി, കൊയ്‌നാട്, കോരുത്തോട്, മുറിഞ്ഞപുഴ, പുല്ലുമേട്, ചെന്നാപ്പാറ, കുഴിമാവ്, ബോധി, അഴുത പ്രദേശങ്ങളിലൂടെയാണ് ഇവയുടെ സഞ്ചാരം. രാത്രികാലങ്ങളിൽ ജനവാസമേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവാണ്. ആനക്കൂട്ടത്തിൽ കുട്ടിയാനകളും ഉൾപ്പെടുന്നു. ജനവാസ മേഖലകളിൽ എത്തുമ്പോൾ പടക്കം പൊട്ടിച്ചും തീ കത്തിച്ചും ജനങ്ങൾ ഓടിക്കുകയാണ് പതിവ്. തോട്ടങ്ങളിലെ ലയങ്ങൾക്ക് സമീപം വരെ രാത്രികാലങ്ങളിൽ ആന ഇറങ്ങുന്നുണ്ട്. അപകടസാദ്ധ്യത മുന്നിൽകണ്ട് വനാതിർത്തി മേഖലകളിൽ രാത്രികാലങ്ങളിൽ പലരും യാത്ര ഒഴിവാക്കുകയാണ്. ടി.ആർ.ആൻഡ് ടി എസ്റ്റേറ്റിലെ റബർത്തോട്ടത്തിന് നടുവിൽ വഴിമുടക്കിയും ചിന്നംവിളിച്ചും കാട്ടാനകൾ എത്തുന്നതോടെ പലരും ടാപ്പിംഗ് ഉപേക്ഷിച്ചു. കാലങ്ങളായി ഇവയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.
കാട്ടിലേക്ക് ഓടിക്കും, വീണ്ടും വരും
തീറ്റ കുറവായതിനാൽ ഇവ പെരിയാർ ഉൾവനം കയറിപ്പോകാൻ കൂട്ടാക്കുന്നില്ല. ശബരിമല വനത്തിന്റെ 88 അതിർത്തി പങ്കിടുന്ന മറ്റ് പ്രദേശങ്ങളിൽ സോളാർ വേലികളുണ്ട്. എന്നാൽ മതമ്പ്, ചെന്നാപ്പാറ മേഖലകളിൽ വേലികൾ നശിച്ച നിലയിലാണ്. ശല്യം രൂക്ഷമാകുമ്പോൾ വനംവകുപ്പധികൃതർ എത്തി കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് ഓടിച്ചുവിടും. തൊട്ടടുത്ത ദിവസം മറ്റൊരു സ്ഥലത്ത് കാട്ടാന പ്രത്യക്ഷപ്പെടും. അല്ലാതെ പരിഹാരമൊന്നുമില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഭീതിയോടെ ഇനിയും എത്രനാൾ
സോളാർവേലികൾ നശിച്ചതോടെ ആനകൾ കൂട്ടമായി നാട്ടിലേക്ക്
2020 മുതലാണ് പനക്കച്ചിറ ഭാഗത്തേക്ക് ആനകൾ ഇറങ്ങിയത്
പിന്നീട് കടമാൻകുളം, മതമ്പ ഭാഗത്തേക്കും എത്തിത്തുടങ്ങി
രാത്രിയിൽ ആനകൾ വീടിന്റെ പരിസരത്ത് വരെ എത്തുന്നു
മഴയത്ത് തിരിച്ചറിയാൻ പ്രദേശവാസികൾക്ക് കഴിയുന്നില്ല
ആളുകൾ ആനയുടെ മുന്നിൽപ്പെടാൻ സാദ്ധ്യത ഏറെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |