കൊച്ചി: മൂവാറ്റുപുഴ പേഴയ്‌ക്കാപ്പിള്ളി ചാരീസ് ഹോസ്പിറ്റൽ ജനറൽ സർജൻ ഡോ. ജേക്കബ് ജോൺ രചിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച 'മാറാം മുന്നേറാം; കടങ്കഥയല്ല കഴിഞ്ഞകാലം" എന്ന പുസ്തകം ടി.ജെ. വിനോദ് എം.എൽ.എയ്‌ക്കു നൽകി മന്ത്രി ജി.ആർ. അനിൽ പ്രകാശനം ചെയ്തു. പ്രഗ്ത്ഭ ഡോക്ടർമാരും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പ്രമുഖരും പങ്കെടുത്ത കേരളകൗമുദി മെഡിക്കൽ കോൺക്ലേവിലായിരുന്നു പ്രകാശനം. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി-തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ അദ്ധ്യക്ഷത വഹിച്ചു. 'ടെക്നോളജി വേഴ്സസ് ഹ്യൂമൻ ടച്ച്" എന്ന പാനൽ ചർച്ചയും ഉണ്ടായിരുന്നു.
സാങ്കേതികമായി മുന്നേറുന്ന ലോകവും ഒറ്റപ്പെടുന്ന മനുഷ്യരുടെ സങ്കീർണതകളും, വളർന്നുവരുന്ന തലമുറയുടെ പ്രശ്‌നങ്ങളുമെല്ലാം സമഗ്രമായി പ്രതിപാദിക്കുന്ന, 28 അദ്ധ്യായങ്ങളുള്ള പഠന പുസ്തകമാണിത്. കുടുംബബന്ധങ്ങളിലെ ശൈഥില്യമടക്കമുള്ള വെല്ലുവിളികൾക്ക് ഇതിൽ പരിഹാരം നിർദ്ദേശിക്കുന്നു. അദ്ധ്യാപനത്തിലെയും രാഷ്ട്രീയത്തിലെയും മൂല്യച്യുതികൾ, കാർഷിക-വ്യാവസായിക മേഖലകളിലെ പ്രതിസന്ധി തുടങ്ങിയവ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തിലൂടെ വിശകലനം ചെയ്യുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാർഗനിർദ്ദേശം നൽകുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നു ബിരുദവും ജർമ്മനിയിൽ നിന്നു ബിരുദാനന്തര ബിരുദവും നേടിയ ഡോക്ടർ വർഷങ്ങളോളം ഗൾഫിലും യൂറോപ്പിലും ജോലിചെയ്തിട്ടുണ്ട്. സാമൂഹ്യപ്രസക്തമായ ധാരാളം ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |