കൊച്ചി: ലക്ഷദ്വീപിലെ വില്ലേജ് ദ്വീപ് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ അനിശ്ചിതമായി നീളുന്നു. ജനുവരി 17ന് വില്ലേജ് ദ്വീപ് പഞ്ചായത്തിന്റെയും ജനുവരി 22ന് ജില്ലാ പഞ്ചായത്തിന്റെയും കാലാവധി അവസാനിച്ചിട്ടും തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചിട്ടില്ല. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തിരഞ്ഞെടുപ്പ് വൈകുന്നതിനുള്ള കാരണം. 10 പഞ്ചായത്തുകളുണ്ടായിരുന്ന ലക്ഷദ്വീപ് 18 പഞ്ചായത്തുകളായി വിഭജിക്കാൻ ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിനെതിരെ മുൻ കവരത്തി വൈസ് ചെയർപേഴ്സൺ നസീർ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി അഡ്മിനിസ്ട്രേഷന്റെ നടപടി റദ്ദാക്കുകയും ചെയ്തു. 18 പഞ്ചായത്തുകളാക്കി മാറ്റുന്നതിനുള്ള ജനസാന്ദ്രത ദ്വീപിൽ ഇല്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ഇത് റദ്ദാക്കിയത്. എന്നാൽ ശേഷമുള്ള തീരുമാനങ്ങൾ അഡ്മിനിസ്ട്രേഷൻ കൈക്കൊണ്ടിട്ടില്ല.
18 പഞ്ചായത്തുകൾ വരും
ദ്വീപിലെ വാർഡ് വിഭജനം വരുമ്പോൾ 10 പഞ്ചായത്തുകൾ 18 പഞ്ചായത്തുകളായി മാറും. മുമ്പ് ഒരു ദ്വീപിൽ ഒരു പഞ്ചായത്ത് ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇനി മിനിക്കോയ്, അന്ത്രോത്ത്, കവരത്തി എന്നിവിടങ്ങളിൽ മൂന്ന് പഞ്ചായത്തുകൾ വീതവും അഗത്തി, അമിനി, കടമത്ത് എന്നിവിടങ്ങളിൽ രണ്ട് വീതവും കൽപേനി, ചെത്ത്‌ലാത്ത്, കിൽത്തൻ എന്നിവിടങ്ങളിൽ ഓരോ പഞ്ചായത്ത് വീതവുമാകും, ഒപ്പം ജനസംഖ്യ കുറവുള്ള പഞ്ചായത്തായ ബിത്ര ചെത്ത്‌ലാത്തിന്റെ ഒരു വാർഡ് ആയി മാറും. നിലവിൽ പത്ത് ദ്വീപുകളിലും ഡെപ്യൂട്ടി കളക്ടർമാർക്കും മറ്റ് മുതിർന്ന ഉദ്യോഗസ്ഥമാർക്കുമാണ് ഭരണ നിർവഹണ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |