കൊച്ചി: പെരുമ്പാവൂരിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ ബംഗ്ലാദേശ് അലൈപ്പൂർ സ്വദേശി സലീം മണ്ഡലിന് (32) പണം നൽകിയ ഏജന്റിനെ പൊലീസ് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിലാണ് സലീം പേരുവിവരങ്ങൾ വെളിപ്പെടുത്തിയത്. ബംഗ്ലാദേശ് പൗരനായ ഏജന്റിനെ കേരളത്തിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് പൊലീസ് അധികൃതർ പറഞ്ഞു.
സലീമിനെ ഇന്നലെ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യംചെയ്തു. കള്ളനോട്ട് ഇടപാട് തുടങ്ങിയിട്ട് അധികനാളായില്ലെന്നാണ് സലീമിന്റെ മൊഴി. മോഷണം തൊഴിലാക്കിയ സലീം ഒരുവർഷമായി കള്ളനോട്ട് ഇടപാട് നടത്തുന്നുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാളുടെ ഫോണിൽ നിന്ന് കള്ളനോട്ടിന്റെ ചിത്രങ്ങളടക്കം നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. ഇന്ത്യയിൽ നിന്ന് നോട്ട് അടിക്കാനായി ഉപയോഗിക്കുന്ന പേപ്പറും മഷിയും ഇയാൾ ബംഗ്ലാദേശിൽ എത്തിച്ചിരുന്നു. കള്ളനോട്ട് സ്വന്തമായി നിർമ്മിച്ചിട്ടില്ലെന്ന് സലീം ആവർത്തിച്ചെങ്കിലും ഇത് അന്വേഷണസംഘം മുഖവിലയ്ക്ക് എടുത്തിട്ടില്ല. 18 വർഷം മുമ്പ് ഇന്ത്യയിലെത്തിയ സലീം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ച് ഒടുവിലാണ് കേരളത്തിൽ എത്തിയത്.
ട്രെയിനിൽ യാത്രചെയ്ത് വിലപിടിപ്പുള്ള ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കവരുന്നതാണ് ഇയാളുടെ രീതി. ഒരു ഫോണിന് 40,000 രൂപയുടെ കള്ളനോട്ടാണ് ഏജന്റ് കൈമാറിയിരുന്നത്. അമ്പതോളം മൊബൈൽ ഫോണുകൾ ഒരുമിച്ചാണ് ബംഗ്ലാദേശിലേക്ക് കടത്തുന്നത്. ഒരാഴ്ച മുമ്പ് മാവേലി എക്സ്‌പ്രസിൽ നടന്ന മോഷണക്കേസിൽ പിടിവീണതാണ് രാജ്യാന്തര കള്ളനോട്ട് ഇടപാടിലേക്ക് വഴിതുറന്നത്. സലീമിന്റെ പെരുമ്പാവൂരിലെ വാടകവീട്ടിൽ നിന്ന് 500 രൂപയുടെ 17 കള്ളനോട്ടുകളും കണ്ടെത്തിയിരുന്നു.
'ബംഗ്ലാദേശി കള്ളനോട്ട്' ബാങ്കുകളിലും എത്തി
സലീം മണ്ഡൽ വിതരണം ചെയ്ത നോട്ടുകൾ ബാങ്കുകളിലും എത്തിയതായി പെരുമ്പാവൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ബാങ്കുകളിലാണ് ഇവ എത്തിയത്. വൻതോതിൽ പണം ഇയാൾ കേരളത്തിൽ എത്തിച്ചിട്ടുണ്ട്. നോട്ടുകൾ ബാങ്കുകളിൽ വരെ എത്താൻ കാരണം ഇതാണെന്നാണ് പൊലീസ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |