കൊച്ചി: ജനറൽ കോച്ചിൽ ഉറങ്ങിക്കിടന്ന ട്രെയിൻ യാത്രക്കാരനിൽ നിന്ന് കവർന്ന രണ്ട് ലക്ഷം രൂപയുടെ ലാപ്ടോപ്പ് ട്രാക്കിലേക്ക് വലിച്ചെറിഞ്ഞതായി മോഷ്ടാവ്. എറണാകുളം സെക്ഷനിൽ ഈ മാസം ട്രെയിനുകളിൽ നടന്ന മൂന്ന് മോഷണക്കേസുകളിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ലാപ്ടോപ്പ് ഉപേക്ഷിച്ചെന്ന് മൊഴി നൽകിയത്. ആലുവയിൽ നിന്ന് പിടിയിലായ പ്രതി തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പ് വരുവിളാകം പുരയിടത്തിൽ സേതു മധുവിനെ (22) ഇന്നലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം-മുംബയ് സ്പെഷ്യൽ ട്രെയിനിന്റെ പിന്നിലെ ജനറൽ കോച്ചിൽ ഉറങ്ങിക്കിടന്ന മലപ്പുറം സ്വദേശിയായ ഐ.ടി പ്രൊഫഷണലിന്റെ ആപ്പിൾ കമ്പനിയുടെ ലാപ്ടോപ്പ് അടങ്ങുന്ന ബാഗാണ് 23ന് പുലർച്ചെ മോഷണം പേയത്. ട്രെയിനിൽ നിന്ന് ബാഗുമായി എറണാകുളം നോർത്ത് സ്റ്റേഷനിൽ പ്രതി ഇറങ്ങുന്നതും മറ്റൊരു ട്രെയിനിൽ കയറി ആലുവയിലേക്ക് പോകുന്നതുമായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ആലുവയിൽ നിന്ന് സേതു മധുവിനെ കസ്റ്റഡിയിലെടുത്തത്.
റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫ്, സി.ഐ ബാലൻ, എസ്.ഐമാരായ നിസാറുദ്ദീൻ, ഇ.കെ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ആലുവയിലേക്കുള്ള വാതിൽപ്പടി യാത്രക്കിടെ ലാപ്ടോപ്പ് ട്രാക്കിലേക്ക് വലിച്ചെറിഞ്ഞതായി പ്രതി പറഞ്ഞത്. ഇതോടൊപ്പം ബാഗിലുണ്ടായിരുന്ന 3000 രൂപയുടെ ലാപ്ടോപ്പ് ചാർജറും മൊബൈൽഫോൺ ചാർജറും പ്രതിയിൽ നിന്ന് കണ്ടെടുത്തു. ലാപ്ടോപ്പ് ഉപേക്ഷിച്ചെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
ആലുവ മുട്ടത്തെ ഒരു സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിലായിരുന്ന പ്രതിക്ക് അത്താണിയിലെ സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടു. തുടർന്നാണ് മോഷണത്തിലേക്ക് തിരിഞ്ഞത്. എഗ്മോർ ചെന്നൈ-ഗുരുവായൂർ എക്സ്‌പ്രസ് ട്രെയിനിൽ യാത്ര ചെയ്ത ഭൂജല വകുപ്പ് ഉദ്യോഗസ്ഥന്റെ 1.50 ലക്ഷം രൂപയുടെ ലാപ്ടോപ്പും മാവേലി എക്സ്‌പ്രസിൽ യാത്ര ചെയ്ത കൊല്ലം സ്വദേശിനിയുടെ 40,000 രൂപയുടെ മൊബൈലും കവർന്നത് സേതു മധുവാണെന്ന് സൂചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |