പെരുമ്പാവൂർ: നാട്ടിലെങ്ങും തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. സ്ഥാനാർത്ഥികളും മുന്നണികളും ഏത് വിധേനയും വോട്ട് പെട്ടിയിലാക്കുന്നുള്ള ഓട്ടത്തിലാണ്. കാലം മാറിയതോടെ വാട്ട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങളിലാണ് പ്രചാരണച്ചൂട് കൂടുതലും. റീലുകളിലൂടെയും എ.ഐ പോസ്റ്ററുകളിലൂടെയുമെല്ലാം സ്ഥാനാർത്ഥികൾ വോട്ടർമാരുടെ മനസിലേക്ക് കയറിപ്പറ്റാനുള്ള നെട്ടോട്ടത്തിലാണ്. എന്നാൽ അന്നും ഇന്നും വോട്ടേഴ്സ് സ്ലിപ്പ് ഇല്ലാത്ത കളിയില്ല. അതിനാൽ വോട്ടേഴ്സ് സ്ലിപ്പ് അടിക്കാൻ പ്രസുകളിലും തിരക്കോട് തിരക്കാണ്. സ്ലിപ്പുകൾ ഇന്നും അന്നും ഉണ്ടായിരുന്നെങ്കിലും അന്നത്തെ സ്ലിപ്പുകൾ ഇന്നത്തേത് പോലെയായിരുന്നില്ല. പ്രചാരണത്തിന്റെ ഭാഗമായി അന്ന് വോട്ടർമാർക്ക് സ്ഥാനാർത്ഥികൾ കൈമാറിയിരുന്ന കത്തുകളായിരുന്നു സ്ലിപ്പുകളായി ഉപയോഗിച്ചിരുന്നത്. ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ പോലുമാവാത്ത പ്രചാരണക്കത്തുകളാണ് അന്നുണ്ടായിരുന്നത്.
നോട്ടീസ് കത്ത്
1950കളിലും പിന്നെയും കുറെക്കാലവും സ്ഥാനാർത്ഥികൾ വ്യക്തിഗത കത്ത് മാതൃകയിലുള്ള നോട്ടീസുകളുമായാണ് വീടുകൾ കയറിയിറങ്ങി വോട്ട് അഭ്യർത്ഥിച്ചിരുന്നത്. ഈ കത്തിൽ സ്ഥാനാർത്ഥിയുടെ പേരും മേൽവിലാസവും ചിഹ്നവും ഏത് പാർട്ടിയെന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഒപ്പം പോളിംഗ് സ്റ്റേഷൻ ഏതെന്നും വ്യക്തമാക്കിയിട്ടുണ്ടാകും. പിന്നെ കത്ത് അച്ചടിച്ച പ്രസിന്റെ പേരും അതിലുണ്ടാകും. എന്നാൽ പ്രസ് എന്നല്ല തനിമലയാള പദമായ അച്ചുകൂടമെന്നായിരിക്കും പ്രയോഗം. ഈ കത്തുമായാണ് അന്ന് വോട്ടർമാർ പോളിംഗ് സ്റ്റേഷനിലെത്തുന്നതും ഇഷ്ട സ്ഥാനാർത്ഥിയുടെ പെട്ടിയിൽ വോട്ട് നിക്ഷേപിക്കുന്നതും. ഇന്ന് ഇത്തരം കത്തുകളുടെ സ്ഥാനത്ത് വോട്ടേഴ്സ് സ്ലിപ്പുകളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |