കൊച്ചി: ഫോർട്ടുകൊച്ചിയിലെ ദീപാലംകൃതമായ മഴമരം ലോകശ്രദ്ധയാകർഷിക്കുന്ന 'ക്രിസ്മസ് ട്രീ"യായി മാറിയതിന് പിന്നിലുള്ളത് ഒരു ക്രിക്കറ്റ് മത്സരത്തിന്റെ കഥ! പതിവു ക്രിസ്മസ് ട്രീക്ക് പകരം കൂറ്റൻ തണൽമരം അലങ്കരിക്കാമെന്ന ആശയം കളിക്കിടയിലെ വിശ്രമവേളയിലാണ് കളിക്കാരുടെ മനസിൽ തെളിഞ്ഞത്. ഫോർട്ടുകൊച്ചിയിലെ മൂന്ന് ക്ലബുകൾ ചേർന്ന് 2000ൽ ആരംഭിച്ച ക്രിസ്മസ് ട്രീ ഒരുക്കൽ 25 വർഷം പിന്നിടുമ്പോൾ ലോകപ്രശസ്തിയുടെ നെറുകയിലാണ്. 25-ാം വർഷത്തിൽ മഞ്ഞനിറമാണ് സംഘാടകരായ 'നൈറ്റ് യുണൈറ്റഡ്" മരത്തിന് നൽകിയത്. കേരള ടൂറിസത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലും മഴമരം തരംഗമായി.
ഫോർട്ടുകൊച്ചി ഭാഗത്തെ സ്പാർക്ക്, ഈഗിൾ, ഷാർജ ക്ലബുകളായിരുന്നു വെളി മൈതാനത്തെ സ്റ്റാർ ക്രിക്കറ്റ് ടീമുകൾ. മഴമരം ക്രിസ്മസ് ട്രീയാക്കാമെന്ന ആശയത്തിന് മൂന്ന് ക്ലബുകളുടെയും കൈയടി കിട്ടിയെങ്കിലും എങ്ങനെ പൂർത്തിയാക്കുമെന്നതിൽ ആശങ്കയുണ്ടായിരുന്നു. ക്ലബ് അംഗങ്ങൾക്ക് പ്രിയങ്കരനായ പ്രദേശവാസി നിക്സൺ ആന്റണിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം പദ്ധതി തയ്യാറാക്കി. പല വർണ്ണങ്ങളിലെ 400 സെറ്റ് മാലബൾബുകൾ കൊരുത്ത് 2000ൽ ട്രീ ഒരുക്കി. നക്ഷത്രങ്ങളും കളിമണ്ണിൽ തീർത്ത അലങ്കാരമണികളും സ്ഥാപിച്ചു. കേട്ടറിഞ്ഞ് ആളുകൾ കൂറ്റൻ ക്രിസ്മസ് ട്രീ കാണാൻ എത്തിയത് പിന്നീടുള്ള വർഷങ്ങളിൽ കൂടുതൽ നന്നായി ഒരുക്കാൻ സംഘാടകർക്ക് ആവേശമേകി.
ഏഴ് വർഷത്തിന് ശേഷം ഇവർ എസ്.ഇ.എസ് എന്ന ഒറ്റ ക്ലബ്ബായി. കൂടുതൽ പേർ അംഗങ്ങളാകാൻ സന്നദ്ധരായതോടെ ഇതിനായി നൈറ്റ് യുണൈറ്റഡ് എന്ന പുതിയ ക്ലബ് രൂപീകരിച്ചു. 80 അംഗങ്ങളുണ്ട്. സുമനസുകളുടെ സഹായത്താലും ക്ലബ് അംഗങ്ങൾ നിശ്ചിത തുക നീക്കിവച്ചുമാണ് മഴമരം മനോഹരമാക്കുന്നത്.
ഒരു ലക്ഷം എൽ.ഇ.ഡി. ബൾബുകളും 100 സാധാരണ ബൾബുകളും 80 നക്ഷത്രങ്ങളും ഇക്കുറി മഴമരം അലങ്കരിക്കാൻ ഉപയോഗിച്ചു. ഡിസംബറിലെ ആദ്യ മൂന്ന് ഞായറാഴ്ചകളും പിന്നീടുള്ള മൂന്ന് ദിവസവുമെടുത്ത് അലങ്കരിക്കൽ പൂർത്തിയാക്കി. ഒരു കൊമ്പിൽ മാത്രം ഒരാൾ പത്തു തവണയെങ്കിലും കയറേണ്ടി വരുമെന്ന് സംഘാടകർ പറയുന്നു. ഓരോ വർഷവും മഴമരത്തിന്റെ നിറം സസ്പെൻസായിരിക്കും.
11.5 ലക്ഷം
പിരിവെടുത്തുണ്ടാക്കിയ 1.07 ലക്ഷം രൂപ കൊണ്ടാണ് 2000ൽ മഴമരം അലങ്കരിച്ചത്. ഈ വർഷം 11.5 ലക്ഷം രൂപ ചെലവായി. എൽ.ഇ.ഡി. ബൾബ് സെറ്റ്, ബൾബുകൾ, ജനറേറ്ററുകൾ എന്നിവയെല്ലാം വാടകയ്‌ക്കെടുക്കും. 60 കിലോ ഭാരമുള്ള നക്ഷത്രമാണ് മരത്തിന് മുകളിൽ സ്ഥാപിച്ചിട്ടുള്ളത്.
ഒരു മനസായി ഒറ്രക്കെട്ടായി നിന്നാണ് ക്രിസ്മസ് ട്രീ ഒരുക്കുന്നത്
പി.എസ്. സനോജ്
പ്രസിഡന്റ്
നൈറ്ര് യുണൈറ്റഡ് ക്ലബ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |