
ആലുവ: എം.എസ്.എഫിലൂടെ പടിപടിയായി സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർന്നപ്പോഴും വി.കെ. ഇബ്രാഹിംകുഞ്ഞ് സാധാരണക്കാരുമായുള്ള സൗഹൃദം ഒരിക്കലും കൈവിട്ടില്ല. അർബുദ രോഗത്തിന് ചികിത്സയിലാകും വരെ ആലുവ മണപ്പുറം റോഡിലെ വീട്ടിൽ നിത്യേനയെത്തുന്നത് നൂറുകണക്കിന് പേരാണ്. രാഷ്ട്രീയവും ജാതിയും മതവുമൊന്നും നോക്കാതെ എല്ലാവരെയും ഒരുപോലെ പരിഗണിച്ചു.
പഴയ മട്ടാഞ്ചേരിയിലും പിന്നീട് കളമശേരിയിലും എം.എൽ.എ ആയപ്പോഴും വി.കെ. ഇബ്രാഹിംകുഞ്ഞ് താമസിച്ചത് ആലുവയിലാണ്. എന്താവശ്യവുമായി എത്തുന്നവരെയും കഴിവതും നിരാശപ്പെടുത്താതെ നോക്കി. മണപ്പുറം റോഡിൽ പെരിയാറിനോട് ചേർന്ന് 20 വർഷം മുമ്പാണ് വീട് നിർമിച്ചത്. ദുരിതം പറഞ്ഞെത്തുന്നവർക്ക് ചെറിയ സാമ്പത്തിക സഹായം നൽകാനും മടിയുണ്ടായിരുന്നില്ല.
കുട്ടമശേരി ഗവ. ഹൈസ്കൂളിൽ വിദ്യാർത്ഥിയായിരിക്കെ എം.എസ്.എഫിലൂടെയാണ് വി.കെ. ഇബ്രാഹിംകുഞ്ഞ് പൊതുരംഗത്തെത്തുന്നത്. കീഴ്മാട് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ നിന്നായിരുന്നു സ്കൂൾ പഠനം. എം.എസ്.എഫിന് ശേഷം യൂത്ത് ലീഗിലേക്കും പിന്നീട് മുസ്ലീംലീഗിലേക്കും ചുവടുവച്ചു. ഇതിനിടെ ബിനാനി സിങ്കിൽ ജീവനക്കാരനായിരിക്കെ എസ്.ടി.യുവിന്റെ സംസ്ഥാന ഭാരവാഹിയുമായി.
മുൻ ഡെപ്യൂട്ടി സ്പീക്കർ കെ.എം. ഹംസക്കുഞ്ഞിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിച്ചതും പിന്നാലെ പേഴ്സണൽ സ്റ്റാഫിൽ അംഗമായതും ഇബ്രാഹിംകുഞ്ഞിന്റെ രാഷ്ട്രീയ ജീവിതത്തെ ഉയർച്ചയിലേക്കെത്തിച്ചു. മട്ടാഞ്ചേരിയിൽ നിന്നുള്ള എം.എൽ.എആയിരിക്കെ മുസ്ലീംലീഗിന്റെ ജില്ലാ പ്രസിഡന്റായി. പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റംഗവും ഒടുവിൽ സംസ്ഥാന വൈസ് പ്രസിഡന്റുമായി.
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിന്റിക്കേറ്റ് മെമ്പർ, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പർ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |