
കൊച്ചി: മട്ടാഞ്ചേരിയുടെ അവസാനത്തെയും കളമശേരിയുടെ ആദ്യത്തെയും എം.എൽ.എയെന്ന പദവി സ്വന്തമാക്കിയ വി.കെ. ഇബ്രാഹിംകുഞ്ഞ് ജില്ലയിൽ നിരവധി വികസനപദ്ധതികൾക്ക് ചുക്കാൻ പിടിച്ച നേതാവാണ്. ഏറ്റെടുക്കുന്ന പദ്ധതി ഏറ്റവും മികവോടെ പൂർത്തിയാക്കണമെന്ന നിർബന്ധത്തോടെ തുടർച്ചയായ ഇടപെടലുകൾ അദ്ദേഹം നടത്തിയിരുന്നു.
ദേശീയപ്രാധാന്യമുള്ള നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന് (നുവാൽസ്) ക്യാമ്പസ് ഒരുക്കിയത് ഇബ്രാഹിം കുഞ്ഞാണ്. കലൂരിൽ സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നുവാൽസിന് കളമശേരിയിൽ സ്വന്തം ക്യാമ്പസിന് കളമശേരി കിൻഫ്ര പാർക്കിൽ 10 ഏക്കർ സ്ഥലം സൗജന്യമായി അനുവദിപ്പിച്ചത് വ്യവസായമന്ത്രിയിരുന്ന കാലത്താണ്.
പൊതുമരാമത്ത് വകുപ്പിൽ ഇ ടെൻഡർ, ഇ പേയ്‌മെന്റ്, റോഡുകൾക്ക് മൂന്നുവർഷ ഗ്യാരന്റി തുടങ്ങിയ പരിഷ്‌കാരങ്ങൾ ആരംഭിച്ചത് അദ്ദേഹം മന്ത്രിയായപ്പോഴാണ്. ലോകബാങ്ക് സഹായം റോഡുകൾക്കും പാലങ്ങൾക്കും വീണ്ടും നേടിയെടുത്തു. കേന്ദ്ര സർക്കാർ 2013ൽ പരിഷ്‌കരിച്ച സ്ഥലമെടുപ്പ് നിയമപ്രകാരം ചട്ടങ്ങൾ രൂപീകരിച്ചു. പുഴകളും തോടുകളും നിറഞ്ഞ കളമശേരി മണ്ഡലത്തിൽ നിരവധി പുതിയ പാലങ്ങൾ പണിയുകയും പുതുക്കുകയും ചെയ്‌ത് പറവൂർ ഉൾപ്പെടെ മേഖലകളെ ബന്ധിപ്പിച്ചു.
മട്ടാഞ്ചേരിയിൽ എം.എൽ.എയാകുമ്പോൾ കുടിവെള്ളം രൂക്ഷമായ പ്രശ്നം പരിഹരിക്കാൻ പദ്ധതികൾ നടപ്പാക്കി. ബ്രിട്ടീഷ് സർക്കാർ പദ്ധതി പ്രകാരം ടാങ്കുകൾ, പമ്പിംഗ് സ്റ്റേഷനുകൾ, വിതരണശൃംഖല വിപുലീകരിക്കൽ എന്നിവയ്‌ക്കായി പദ്ധതികൾ നടപ്പാക്കി. മട്ടാഞ്ചേരിയുടെ വികസനത്തിന് ഡി.എഫ്.ഐ.ഡി എന്ന പ്രത്യേക പദ്ധതിയും നടപ്പാക്കി. തീരമേഖലയിൽ സ്ഥാപിച്ച പുലിമുട്ടുകൾ സുനാമി സമയത്ത് പശ്ചിമകൊച്ചിക്ക് കവചവുമായി. വിദ്യാഭ്യാസം, വൈദ്യുതി, ഫിഷറീസ് മേഖലകളിൽ പദ്ധതികൾ നടപ്പാക്കി. വിദ്യാർത്ഥികൾക്കായും പദ്ധതികൾ നടപ്പാക്കി.
ദേശീയപാതയിൽ പത്തടിപ്പാലത്ത് പി.ഡബ്ള്യു.ഡിയുടെ ഓഫീസും റെസ്‌റ്റ് ഹൗസും കോൺഫറൻസ് ഹാളും നിർമ്മിച്ചു. കളമശേരി മണ്ഡലത്തിലെ എൽ.കെ.ജി മുതൽ പ്ളസ് ടു വരെ വിദ്യാർത്ഥികൾക്ക് സൗജന്യ ഉച്ചഭക്ഷണ പദ്ധതിയും നടപ്പാക്കി. മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കാൻ പരിശീലനങ്ങൾ നൽകി. പ്ളസ് ടു, പത്ത് ക്ളാസുകളിൽ വിജയിച്ചവരെ ആദരിച്ചു. പഠനം മെച്ചപ്പെടുത്താൻ സ്കൂളുകളിൽ കമ്പ്യൂട്ടർ ലാബ്, ലാപ് ടോപ്പ് തുടങ്ങിയവ ലഭ്യമാക്കി.
മുടങ്ങിക്കിടന്ന സീപോർട്ട് എയർപോർട്ട് മൂന്നാംഘട്ടവികസനം, കങ്ങരപ്പടി, പാതാളം ജംഗ്ഷനുകളുടെ വികസനം, മെഡിക്കൽ കോളേജിനെ സഹകരണ മേഖലയിൽ നിന്ന് സർക്കാർ ഏറ്റെടുക്കൽ തുടങ്ങിയ വികസനങ്ങൾ നടപ്പാക്കി. മണ്ഡലത്തിൽ നൂറോളം വീടുകൾ നിർമ്മിക്കുകയും ആയിരത്തോളം വീടുകളുടെ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |