
കൊച്ചി: നഗരത്തിൽ ഇനി 10 രൂപയ്ക്ക് പ്രാതലും രാത്രി ഭക്ഷണവും. ന്യായവിലയ്ക്ക് അന്നം നൽകുന്ന ഇന്ദിര കാന്റീനടക്കം 50 ദിന കർമ്മപദ്ധതികൾ മേയർ വി.കെ. മിനിമോൾ പ്രഖ്യാപിച്ചു. ഇതിൽ 21 പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും. കൊതുകുനിവാരണ യജ്ഞം മുതൽ ടോക്ക് വിത്ത് മേയർ വരെ നീളുന്നതാണ് പദ്ധതികൾ. 10 രൂപയ്ക്ക് ഭക്ഷണം വിളമ്പുന്ന ഇന്ദിര കാന്റീൻ ഇതിൽ ഏറ്റവും ശ്രദ്ധേയം.
എറണാകുളം നോർത്ത് പരമാര റോഡിലുള്ള സമൃദ്ധിയോട് ചേർന്നും ഫോർട്ടുകൊച്ചിയിലുമാണ് ഇന്ദിര കാന്റീൻ ആരംഭിക്കുക. പിന്നീടിത് വിവിധയിടങ്ങളിലേക്ക് വ്യാപിപ്പിക്കും. രാവിലെ ഇഡ്‌ലിയും സാമ്പാറും രാത്രി ചപ്പാത്തിയും വെജ് കറിയുമാകും വിളമ്പുക. രാവിലെ ഏഴ് മുതൽ 10 വരെയും വൈകിട്ട് ഏഴ് മുതൽ രാത്രി 10 വരെയുമായിരിക്കും കാന്റീനിന്റെ പ്രവർത്തനം. സമൃദ്ധിയുടെ സഹായത്തോടെ, കൂടുതൽ ജീവനക്കാരെ നിയോഗിച്ചാകും കാന്റീൻ പ്രവർത്തിക്കുക.
സി.എസ്.ആർ. ഫണ്ടും സുമനസ്സുകളുടെ സഹായത്തിലുമാകും ഇന്ദിര കാന്റീന്റെ പ്രവർത്തനം. ചടങ്ങിൽ ഡെപ്യൂട്ടി മേയർ ദീപക് ജോയ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ടി.കെ. അഷ്‌റഫ്, ഷാകൃത സുരേഷ്ബാബു, അഡ്വ. പി.എം. നസീമ, സീന ടീച്ചർ, ജെസ്മി ജെറാൾഡ്, കെ.എ. മനാഫ്, ആന്റണി പൈനുത്തറ എന്നിവർ സംസാരിച്ചു.
സമൃദ്ധി വലിയ ബ്രാൻഡായി മാറിക്കഴിഞ്ഞു. നിലവിൽ ഉച്ചയൂണ് മാത്രമാണ് ന്യായവിലയ്ക്ക് നൽകുന്നത്. ഇത് കണക്കിലെടുത്താണ് രാവിലെയും രാത്രിയും 10 രൂപയ്ക്ക് ഭക്ഷണം വിളമ്പുന്ന കാന്റീൻ ആരംഭിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം പ്രകടനപത്രികയിൽ പറഞ്ഞിരുന്നു
മേയർ വി.കെ. മിനിമോൾ
സമൃദ്ധി ജനകീയ ഹോട്ടലിനെ തകർക്കാനുള്ള യു.ഡി.എഫിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് മേയർ പ്രഖ്യാപിച്ച ഇന്ദിര കാന്റീൻ. 10 രൂപയ്ക്ക് ഭക്ഷണം നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അതിന്റെ മറവിൽ സമൃദ്ധിയെ ഇല്ലാതാക്കാനുള്ള നീക്കം അംഗീകരിക്കില്ല. നിലവിലുള്ള സമൃദ്ധി വഴി കുറഞ്ഞ നിരക്കിൽ പ്രാതലും രാത്രി ഭക്ഷണവും നൽകാൻ നടപടി സ്വീകരിക്കാമായിരുന്നു. പകരം സമൃദ്ധിയുടെ സ്ഥലം ഉപയോഗിച്ച് അവിടെ ഇന്ദിര ക്യാന്റീൻ ആരംഭിക്കാനുള്ള തീരുമാനത്തിൽ യു.ഡി.എഫിന്റെ ഗൂഢലക്ഷ്യം വ്യക്തമാണ്. കുടുംബശ്രീ വനിതകളുടെ സ്വയംപര്യാപ്തതയുടെയും കാര്യശേഷിയുടെയും പ്രതീകം കൂടിയായ സമൃദ്ധിയെ ഇല്ലാതാക്കാനുള്ള നീക്കം എന്തുവില നൽകിയും ചെറുക്കും.
വി.എ ശ്രീജിത്ത്
കോർപ്പറേഷൻ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ്
കൊതുകിനെ തുരത്തും,
നായ്ക്കളെ നിയന്ത്രിക്കും
നഗരസഭ കാര്യാലയം സജ്ജമാക്കും, വിസിറ്റർ ഫെസിലിറ്റേഷൻ സെന്റർ, ഏകജാലക സംവിധാനം, ഫിസിയോതെറാപ്പി സെന്റർ, ക്ലീൻ കൊച്ചി ക്യാമ്പയിൻ, അദാലത്ത്, സാനിറ്ററി നാപ്കിൻ ഡിസ്പോസൽ സംവിധാനം, അത്യാധുനിക ടോയ്ലറ്റുകൾ, ബഡ്സ് സ്കൂൾ, ബയോമെഡിക്കൽ വേസ്റ്റ് സംസ്കരണം, പുതിയ മാലിന്യ സംസ്കരണ പ്ലാന്റ്, മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബ് എന്നിങ്ങനെ നിരവധി പദ്ധതികളാണ് പുതിയ ഭരണസമിതി മുന്നോട്ട് വയ്ക്കുന്നത്.
തീവ്ര കൊതുക് നിവാരണ യജ്ഞം- ഏറ്റവും ആദ്യം നടപ്പാക്കുന്നത്. 230 തൊഴിലാളികളെ ചുമതലപ്പെടുത്തി ഫോഗിംഗ് ഉറപ്പാക്കും.
തെരുവുനായ നിയന്ത്രണം- എ.ബി.സി പദ്ധതി കാര്യക്ഷമമാക്കും. പിടികൂടുന്ന നായ്ക്കളെ 15 കെന്നലുകളിലടയ്ക്കും.
വിസിറ്റർ ഫെസിലിറ്റേഷൻ സെന്റർ- ഓഫീസിൽ എത്തുന്നവർക്ക് അവിടെവച്ച് തന്നെ പ്രശ്നപരിഹാരം
പൊതുഗതാഗത സംവിധാനം- ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് പുതിയ ഓഫീസിലേക്ക് സൗജന്യ ബഗ്ഗി യാത്ര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |