കൊച്ചി: രണ്ടു വയസുകാരനെ വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചുകൊന്ന കേസിൽ അമ്മയുടെ കാമുകന് ജീവപര്യന്തം തടവും ഒരുലക്ഷംരൂപ പിഴയും ശിക്ഷിച്ച് കോടതി. കൊല്ലം പട്ടാഴി പുത്തൻവീട്ടിൽ സുഭാഷിനെയാണ് (43) എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ) കോടതി ജഡ്ജി സി.കെ. മധുസൂദനൻ ശിക്ഷിച്ചത്. പിഴത്തുകയ്ക്ക് കുട്ടിയുടെ അമ്മ അർഹയല്ലെന്നും കോടതി വിധിച്ചു.
2010 ഫെബ്രുവരി 25 നാണ് കേസിനാസ്പദമായ സംഭവം. യുവതിയുമായി ഒരുമിച്ചുള്ള ജീവിതത്തിന് കുഞ്ഞ് ശല്യമാകുമെന്നുകണ്ട് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കുട്ടിയുടെ പിതാവ് ഗൾഫിൽപ്പോയ സമയത്താണ് പ്രതി യുവതിയുമായി അടുപ്പത്തിലായത്. ബംഗാളിലേക്ക് കടന്ന ഇവർ പിന്നീട് തിരിച്ചെത്തി തോപ്പുംപടിയിലെ ലോഡ്ജിൽ താമസിക്കവേയാണ് സംഭവം. അമ്മ ഉറക്കത്തിലായിരുന്ന സമയം പ്രതി കുട്ടിയെ പൈപ്പ് വെള്ളത്തിലും ബക്കറ്റിലും മുക്കി കൊലപ്പെടുത്തുകയായിരുന്നു. അപകടമാണെന്ന വ്യാജേന കുഞ്ഞിനെ പിന്നീട് കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് പ്രതി കുറ്റം സമ്മതിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ.പി.എ. ബിന്ദു ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |