അൻവർ സാദത്ത് മന്ത്രിയാകുമെന്ന പ്രതീക്ഷയിൽ ആലുവ

Thursday 07 May 2026 1:35 AM IST
അൻവർ സാദത്ത്

ആലുവ: നിയമസഭയിലേക്ക് തുടർച്ചയായി നാലാം വട്ടം തിരഞ്ഞെടുക്കപ്പെട്ട അൻവർ സാദത്ത് ഇക്കുറി മന്ത്രിസഭയിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ആലുവ നിവാസികൾ. ഇക്കാര്യത്തിൽ ദേശീയ നേതാക്കളുൾപ്പെടെ നേരത്തെ നൽകിയ സൂചനകളാണ് ഈ പ്രതീക്ഷയ്ക്ക് കാരണം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് പുറയാറിലെ യോഗത്തിൽ യു.ഡി.എഫ് സർക്കാരിൽ അൻവർ സാദത്തിന് കൂടുതൽ പ്രാധാന്യമുള്ള പദവികൾ ലഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.

കാഞ്ഞൂരിൽ ഗൃഹസന്ദർശനത്തിനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് ആ വീട്ടിലെ ഗൃഹനാഥ ആവശ്യപ്പെട്ടത് ഞങ്ങളുടെ സ്ഥാനാർത്ഥിയെ മന്ത്രിയാക്കണമെന്നാണ്. ഇതുകേട്ട് പൊട്ടിച്ചിരിച്ച വേണുഗോപാൽ അനുഭാവ സൂചകമായി തലയാട്ടിയത് മറന്നിട്ടില്ലെന്ന് കാഞ്ഞൂരിലെ മുതിർന്ന പ്രവർത്തകരും പറയുന്നു.

ശ്രീമൂലനഗരത്ത് പ്രചാരണ യോഗത്തിൽ പങ്കെടുത്ത മഹിള കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ അൽക ലാംബ പറഞ്ഞതും അൻവർ മന്ത്രിസഭയിൽ ഉൾപ്പെടണമെന്നാണ് ആഗ്രഹമെന്നാണ്. പഞ്ചായത്ത്തലം മുതൽ നിയമസഭ വരെ പ്രാഗത്ഭ്യം തെളിയിച്ച അൻവർ സാദത്തിന്റെ യോഗ്യത മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ പര്യാപ്തമാണെന്നാണ് പ്രവർത്തകരുടെ വാദം. ഗ്രൂപ്പ് സമവാക്യങ്ങൾക്കതീതമായുള്ള കോൺഗ്രസ് അനുഭാവികളുടെ വികാരം നേതൃത്വം പരിഗണിക്കുമെന്ന വിശ്വാസത്തിലാണ് പ്രവർത്തകർ.

രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയാണ് അൻവർ സാദത്ത്. മുഖ്യമന്ത്രിയായില്ലെങ്കിൽ മന്ത്രിസ്ഥാനത്തേക്ക് ചെന്നിത്തല ശുപാർശ ചെയ്യുന്നവരിൽ ഒന്നാം സ്ഥാനക്കാരനായി അൻവർ സാദത്ത് ഉണ്ടായേക്കും. കോൺഗ്രസിൽ മുസ്ലീം വിഭാഗത്തിൽ നിന്ന് ഒരാൾക്കായിരിക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകുകയെന്നാണ് സൂചന. കൽപ്പറ്റയിൽ നിന്ന് ജയിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. സിദ്ദിഖ് ആണ് സാദത്തിന് വെല്ലുവിളിയാകുക. നിലവിൽ കെ.സി. വേണുഗോപാലിന്റെ അനുയായിയാണ് സിദ്ദിഖ്.