SignIn
Kerala Kaumudi Online
Monday, 11 May 2026 9.02 PM IST

@ തിരഞ്ഞെടുപ്പിലെ തിരിച്ചടി സ്ഥാനാർത്ഥി നിർണയം പാളി, പറഞ്ഞിട്ടും കേട്ടില്ല

Increase Font Size Decrease Font Size Print Page
ldf
എൽ.ഡി.എഫ്

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയിൽ ഞെട്ടൽ മാറാതെ ഇടതു ക്യാമ്പ്. പരാജയ കാരണം വിലയിരുത്താൻ ചേരുന്ന യോഗങ്ങളിൽ സി.പി.എമ്മിനെതിരെ ഘടക കക്ഷികളുടെ ചാട്ടുളി ഉറപ്പായി. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ചിലയിടങ്ങളിൽ പാളിച്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. സി.പി.എമ്മിലെ ഏകാധിപത്യ പ്രവണതയ്ക്കെതിരെ പാർട്ടിയിൽ തന്നെ എതിർപ്പുണ്ടായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ വോട്ട് ചെയ്താണ് അവർ പ്രതിഷേധിച്ചതെന്ന് ചില നേതാക്കൾ പറയുന്നു. പേരാമ്പ്ര പോലുള്ള മണ്ഡലങ്ങളിൽ ജയസാദ്ധ്യത കുറവാണെന്ന് പ്രാദേശിക നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു. ടി.പി രാമകൃഷ്ണനും മത്സരിക്കാൻ താത്പര്യമില്ലായിരുന്നെന്നാണ് വിവരം. മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഒരാൾ തന്നെ മത്സരിക്കുന്നതിലും അതൃപ്തിയുണ്ടായിരുന്നു. എന്നിട്ടും നിർബന്ധിച്ച് മത്സരിപ്പിച്ചു. ഇടതിന്റെ ശക്തികേന്ദ്രമായ മേപ്പയൂർ കായലാട് വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്ക് ലീഡ് കിട്ടിയത് ഉദാഹരണമായി ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

എലത്തൂർ മണ്ഡലത്തിൽ മന്ത്രി ശശീന്ദ്രന്റെ തോൽവി എൻ.സി.പിയെ (എസ്) ജില്ലയിൽ പൂജ്യത്തിലെത്തിച്ചു. മത്സരിച്ചാൽ തോൽക്കുമെന്ന് എൻ.സി.പി, സി.പി.എം ഭാരവാഹികൾ ശശീന്ദ്രനോട് പറഞ്ഞിട്ടും പിന്മാറിയില്ലെന്നാണ് ആക്ഷേപം. സി.പി.എം ഭാരവാഹികളിൽ ചിലർ നേരിൽ കണ്ട് ഇക്കാര്യം പറഞ്ഞിരുന്നും. മുക്കം മുഹമ്മദിന്റെ നേതൃത്വത്തിൽ, ഒരു വിഭാഗം ശശീന്ദ്രൻ വിഭാഗത്തെ ഒഴിവാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കൺവെൻഷൻ വരെ നടത്തിയിരുന്നു. പ്രായാധിക്യമുൾപ്പെടെയുള്ള കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയത്.

സ്ഥാനാർത്ഥി നിർണയത്തിൽ വന്ന പാളിച്ചയാണ് നാദാപുരത്തെ തോൽവിക്ക് കാരണമത്രെ. ജില്ലയിൽ സി.പി.ഐയ്ക്ക് ലഭിച്ച ഏക സീറ്റായ ഇവിടെ പരാജയത്തിനുള്ള കാരണം സി.പി.ഐ വിലയിരുത്തും. കോഴിക്കോട് സൗത്തിൽ ഇടതുവോട്ടുകൾ ബി.ജെ.പിയിലേക്ക് പോയെന്ന് ഐ.എൻ.എൽ വിലയിരുത്തുന്നു. ഇക്കാര്യമുൾപ്പെടെ ചർച്ച ചെയ്യാൻ ഐ.എൻ.എൽ സംസ്ഥാന സെക്രട്ടേറിയറ്റ് 12നും വർക്കിംഗ് കമ്മിറ്റി 13നും ചേരും. സി.പി.എമ്മിന്റെ ധാർഷ്ട്യമാണ് തോൽവിയുടെ കാരണമെന്നാണ് ആർ.ജെ.ഡിയുടെ പ്രാഥമിക വിലയിരുത്തൽ. വടകരയിൽ ചെറിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സി.പി.എം വോട്ട് ചോർന്നെന്നും ആർ.ജെ.ഡി വിലയിരുത്തുന്നു. ഉടൻ ചേരുന്ന യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL