ആചാരവെടി മുടങ്ങിയിട്ട് ഒരാഴ്ച
കൊച്ചി: നാല് പ്രധാന ക്ഷേത്രങ്ങളിൽ നൂറ്റാണ്ടുകളായി തുടരുന്ന ആചാരവെടി മേയ് ഒന്നു മുതൽ മുടങ്ങിയിട്ടും കൊച്ചിൻ ദേവസ്വം ബോർഡിന് അനക്കമില്ല. വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള എൽ.ഇ 2 ലൈസൻസ് പുതുക്കാത്തതിനാലാണ് ആചാരവെടി നിറുത്തിവയ്ക്കാൻ ബോർഡ് തീരുമാനിച്ചത്.
ബോർഡിന് കീഴിലെ എട്ട് ക്ഷേത്രങ്ങളിലാണ് ഈ ആചാരമുള്ളത്. ഇതിൽ എറണാകുളം ശിവക്ഷേത്രം, തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം, തൃശൂർ അന്തിമഹാകാളൻ ക്ഷേത്രം, ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ മേയ് ഒന്നു മുതൽ വെടി മുഴങ്ങിയിട്ടില്ല. എറണാകുളം ശിവക്ഷേത്രത്തിൽ പത്ത് വർഷമായി ലൈസൻസ് പുതുക്കിയിട്ട്. പുതിയ വെടിപ്പുര പണിയാതെ ലൈസൻസ് ലഭിക്കില്ല. ഉത്സവത്തിന് ഗംഭീരവെടിക്കെട്ട് നടത്തുന്നുണ്ടെങ്കിലും ആചാരവെടിയുടെ ലൈസൻസ് പുതുക്കാൻ ശ്രമമുണ്ടായില്ല. ഉപദേശക സമിതിയും നിഷ്ക്രിയമായി. എറണാകുളത്തപ്പന് പ്രിയമായ വെടിവഴിപാട് നടത്താനാകാതെ ഭക്തരും നിരാശയിലാണ്. 15 ലക്ഷം രൂപയുടെ വെടിവഴിപാട് കരാറും മുടങ്ങി.
നിർമ്മാല്യത്തിന് മുമ്പ് ദേവകളെ ഉണർത്തുന്നുവെന്ന സങ്കല്പത്തിൽ ഒരു കതിനവെടി വയ്ക്കുന്നതാണ് ആചാരവെടി. എറണാകുളത്തും ഉത്രാളിക്കാവിലും തത്കാലം ആചാരവെടി നിറുത്താമെന്നും ലൈസൻസ് ലഭിക്കുന്ന മുറയ്ക്ക് പ്രായശ്ചിത്തം ചെയ്ത് പുനരാരംഭിക്കാമെന്നും തന്ത്രിമാർ അനുമതി നൽകിയിട്ടുണ്ട്.
25 മീറ്ററിന്റെ തടസം
റോഡിൽ നിന്ന് വെടിപ്പുരയ്ക്ക് 25 മീറ്റർ ദൂരപരിധി പാലിക്കുന്നതിലെ വീഴ്ചയാണ് ലൈസൻസ് പുതുക്കി നൽകാൻ വിഘാതം. വിശാലമായ വളപ്പുള്ള ഈ ക്ഷേത്രങ്ങളിൽ വെടിപ്പുര മാറ്റി നിർമ്മിച്ചാൽ മതിയാകും. ഇതിനുള്ള തീരുമാനമെടുക്കേണ്ടത് ദേവസ്വം ബോർഡാണ്. ഇതിനായുള്ള റിപ്പോർട്ടുകൾ വർഷങ്ങളായി ബോർഡ് ആസ്ഥാനത്ത് ഉറങ്ങുകയാണ്. ഫയർഫോഴ്സ്, റവന്യൂ അധികൃതർ അനുകൂല റിപ്പോർട്ട് നൽകിയാലേ 15 കിലോ വെടിമരുന്ന് സൂക്ഷിക്കാനുള്ള എൽ.ഇ 2 ലൈസൻസ് കളക്ടർ അനുവദിക്കൂ. ഈ തലവേദന ഒഴിവാക്കാൻ വെടിമരുന്ന് സൂക്ഷിക്കുന്ന മൊബൈൽ 'മാഗസീൻ" വാങ്ങുവാനുള്ള ആലോചന തിരുവഞ്ചിക്കുളം ക്ഷേത്ര ഉപദേശക സമിതി നടത്തുന്നുണ്ട്. ഇതിന് ഒന്നര ലക്ഷം രൂപയോളം ചെലവുവരും. എറണാകുളത്തെ ഉപദേശക സമിതി ഇത്തരം ഒരു നീക്കവും നടത്തുന്നില്ല
ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടികൾക്കായി ഭക്തജനങ്ങളുടെ ഒരു കൂട്ടായ്മ വിളിക്കും
എസ്. അശോക് കുമാർ,
ഉപദേശകസമിതി പ്രസിഡന്റ്,
എറണാകുളം ശിവക്ഷേത്രം