അഭിപ്രായം പറയുന്നവരുടെ തല വെട്ടുന്ന സ്ഥിതി: വെള്ളാപ്പള്ളി

Sunday 10 May 2026 12:45 AM IST
മൂവാറ്റുപുഴ എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂൾ സിൽവർ ജൂബിലി ബ്ലോക്ക് ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു. ഡീൻ കുര്യാക്കോസ് എം.പി, ജോയ്സ് മേരി ആന്റണി, ഗോപി കോട്ടമുറിക്കൽ, വി.കെ. നാരായണൻ, അഡ്വ. എ.കെ.അനിൽകുമാർ, അഡ്വ.എൻ.രമേശ്, പ്രമോദ് കെ. തമ്പാൻ എന്നിവർ സമീപം

മൂവാറ്റുപുഴ: അഭിപ്രായം പറയുന്നവരുടെ തല വെട്ടിമാറ്റുന്ന നാടായി കേരളം മാറുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ സിൽവർ ജൂബിലി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തിൽ അഭിപ്രായപ്രകടനം നടത്തിയ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ ചിത്രം ഫ്ലക്സ് ബോർഡിൽ നിന്ന് വെട്ടിമാറ്റി കത്തിച്ചു. ഇത് ജനാധിപത്യമല്ലെന്നും മതാധിപത്യമാണെന്നും ജനം മണ്ടന്മാരല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അഭിപ്രായം തുറന്ന് പറയാൻ തന്റേടം കാണിച്ച മാത്യു കുഴൽനാടൻ മിടുമിടുക്കനാണ്. കഴിവും തന്റേടവുമുളള ഈ യുവാവിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണം.

എന്ത് പ്രകോപനം ഉണ്ടായാലും അഭിപ്രായസ്വാതന്ത്ര്യം താൻ അടിയറ വയ്‌ക്കില്ല. നേര് നേരായി പറയും. ആദർശം പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല. പ്രവൃത്തിയിൽ ഉണ്ടാകണം. ഒരു സമുദായവും കേരളത്തിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കേണ്ട.

102 സീറ്റ് ലഭിച്ചിട്ടും യു.ഡി.എഫിന് മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഭരിക്കുന്നതിന് പകരം തെരുവിലും ഡൽഹിയിലും ഗുസ്തി കൂടുകയാണ്. കേരളത്തിൽ ബി.ജെ.പി മൂന്ന് സീറ്റിൽ വിജയിച്ചു. അഞ്ച് വർഷം മുമ്പ് ബംഗാളിലും മൂന്ന് സീറ്റിലായിരുന്നു തുടക്കം. പശ്ചിമ ബംഗാളിൽ വന്ന അവസ്ഥ കേരളത്തിൽ ഉണ്ടാകാതിരിക്കാൻ ശ്രമിക്കുന്നത് എല്ലാവർക്കും നല്ലതായിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മൂവാറ്റുപുഴ യൂണിയൻ ഒറ്റക്കെട്ടായി നിന്നതിനാലാണ് 2.5 കോടി രൂപയുടെ കടം തീർത്തശേഷം 5.5 കോടിയുടെ വസ്തുവകകൾ വാങ്ങാനായതെന്നും ഭാരവാഹികളെ അഭിനന്ദിച്ച് വെള്ളാപ്പള്ളി പറഞ്ഞു.

യോഗത്തിൽ സ്കൂൾ മാനേജരും യൂണിയൻ പ്രസിഡന്റുമായ വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശൻ സെമിനാർ ഹാൾ സമർപ്പണം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി സ്കൂൾ മന്ദിര നിർമ്മാണം നിർവഹിച്ച എൻജിനിയറെ ആദരിച്ചു. കേരള ബാങ്ക് മുൻ പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. എൻ. രമേശ്, പ്രമോദ് കെ. തമ്പാൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ കൗൺസിലർമാരായ പി.ആർ. രാജു, എം.ആർ. നാരായണൻ, കെ.പി. അനിൽ, ടി.വി. മോഹനൻ, എസ്.എൻ.ബി.എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. പി.ജെ. ജേക്കബ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ടി.ജി. ബിജി, ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ, പി.ടി.എ പ്രസിഡന്റ് അനസ് തൈപറമ്പിൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം.എസ്. വിൽസൻ, എൻ.ആർ. ശ്രീനിവാസൻ, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. രാജൻ, സെക്രട്ടറി എം.എസ്. ഷാജി, വനിതാസംഘം പ്രസിഡന്റ് ഷീല അനിരുദ്ധൻ, സെക്രട്ടറി സുഹാസിനി സാജൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.എ. ദീപു, സെക്രട്ടറി പി.എസ്. ശ്രീജിത്ത്, എംപ്ലോയീസ് ഫോറം പ്രസിഡന്റ് കെ.ജി. അരുൺകുമാർ, സെക്രട്ടറി ടി.എൻ. സുനിൽകുമാർ എന്നിവർ സംബന്ധിച്ചു.

പദ്മഭൂഷൺ ലഭിച്ചശേഷം ആദ്യമായി മൂവാറ്റുപുഴയിലെത്തിയ വെള്ളാപ്പള്ളി നടേശന് ഉജ്ജ്വല സ്വീകരണം നൽകി.