അടുപ്പ് കൂട്ടി ഗ്യാസ് പുഴുങ്ങി പ്രതിഷേധം
Tuesday 12 May 2026 3:33 PM IST
തിരുവാങ്കുളം: വിലവർദ്ധന, ഗ്യാസ് ക്ഷാമം എന്നിവയെ തുടർന്ന് സംസ്ഥാനത്തെ ഹോട്ടൽ, ബേക്കറി, കാറ്ററിംഗ് മേഖലകൾ പ്രതിസന്ധിയിലായതോടെ തിരുവാങ്കുളം മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ തിരുവാങ്കുളം ജംഗ്ഷനിൽ അടുപ്പ് കൂട്ടി ഗ്യാസ് പുഴുങ്ങി പ്രതിഷേധിച്ചു. ലക്ഷക്കണക്കിന് തൊഴിലാളികൾ ആശ്രയിക്കുന്ന ഹോട്ടൽ മേഖലയെ ബാധിക്കുന്ന പ്രശ്നങ്ങളിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധ സംഗമം ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ചോറ്റാനിക്കര പ്രസിഡന്റ് ശ്രീദേവ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് സുഷിൽ കോത്താരി അദ്ധ്യക്ഷനായി. മർച്ചന്റ്സ് അസോസിയേഷൻ തിരുവാങ്കുളം യൂണിറ്റ് പ്രസിഡന്റ് രാജൻ ജോസഫ്, സാം തോമസ്, സീന സജീവ്, സി.കെ. ബിനോയ്, സലീൽ കോത്താരി, വിംഗ് ജിനു ദേവ് എന്നിവർ സംസാരിച്ചു.