വി.ഡിക്കൊപ്പം കൂടിയിട്ട് കാൽ നൂറ്റാണ്ട്
പറവൂർ: കാൽനൂറ്റാണ്ടായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിഴലായി പ്രവർത്തിക്കുന്ന രണ്ട് ജീവനക്കാരാണ് പറവൂർ വാണിയക്കാട് വലിയപറമ്പിൽ വി.കെ. കമറുദ്ദീനും (51), കരുമാല്ലൂർ മാളികംപീടിക ഏറാട്ടുപടി ഇ.എൻ. ഷാജഹാൻ എന്ന ഷാജിയും (45). കോൺഗ്രസ് പ്രവർത്തകനായിരുന്ന കമറുദ്ദീൻ 2001ൽ വി.ഡി. സതീശൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഓഫീസ് സ്റ്റാഫായാണ് എത്തിയത്. 2001ലെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനം ഓടിക്കാനാണ് ഷാജിയെത്തിയത്. അന്നത്തെ ഡ്രൈവർ ഫൈസലാണ് ഷാജിയെ കൂട്ടിക്കൊണ്ടുവന്നത്. 2002ൽ ഫൈസൽ വിദേശത്ത് പോയതോടെ ഷാജി ഡ്രൈവറായി.
ഇരുപത്തിയഞ്ച് വർഷമായി ഇവർ സതീശന്റെ വിശ്വസ്തരായി തുടരുന്നു. അദ്ദേഹം പ്രതിപക്ഷനേതാവായപ്പോൾ കമറുദ്ദീനെ അസിസ്റ്റന്റ് പേഴ്സണൽ സ്റ്റാഫായും ഷാജിയെ ഡ്രൈവറായും നിയമിച്ചു. 2011ൽ പറവൂർ പെരുവാരം സ്വദേശി എം.ബി. സുരേഷ് ബാബു പൊതുമരാമത്ത് വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ ഓഫീസ് സ്റ്റാഫായി എത്തിയിരുന്നു. 2013ൽ വകുപ്പിലേക്ക് തിരിച്ചുപോയ അദ്ദേഹം സതീശൻ പ്രതിപക്ഷനേതാവായി ചുമതലയേറ്റപ്പോൾ വീണ്ടും ഓഫീസ് സ്റ്റാഫായി തിരിച്ചെത്തി. 2013ൽ സുരേഷ് ബാബു മടങ്ങിയപ്പോൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലുണ്ടായിരുന്ന ചാത്തനാട് സ്വദേശി ടി.ജി. ജോസഫ് ഡെപ്യൂട്ടേഷനിൽ ഓഫീസ് സെക്രട്ടറിയായി ചുമതലയേറ്റു. ഇരുവരും സർവീസിൽ നിന്ന് വിരമിച്ചു.