ചിരട്ട... അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്...
കോലഞ്ചേരി: തേങ്ങയുടയ്ക്കുമ്പോൾ ചിരട്ട കളയരുത്, ചിരട്ടയ്ക്കും നല്ല കാലമാണ്. ഒരുകാലത്ത് അടുപ്പിലിട്ട് കത്തിക്കാനോ പറമ്പിലേക്ക് വലിച്ചെറിയാനോ മാത്രമായിരുന്നു ചിരട്ടയുടെ വിധിയെങ്കിൽ ഇന്ന് കഥ മാറി, ചിരട്ടയ്ക്ക് ഇപ്പോൾ വിപണിയിൽ പൊന്നുംവിലയാണ്. വീട്ടുമുറ്റത്ത് പഴയ പത്രവും പ്ലാസ്റ്റിക്കും വാങ്ങാനെത്തുന്ന പാഴ്‌വസ്തു ശേഖരണക്കാരുടെ ആദ്യ ചോദ്യം തന്നെ ചിരട്ട കൊടുക്കാനുണ്ടോ എന്നാണ്.
മുമ്പ് കിലോയ്ക്ക് 10-15 രൂപ കിട്ടിയിരുന്ന ചിരട്ടയ്ക്ക് ഇന്ന് 32 മുതൽ 35 രൂപ വരെയാണ് വില. ചിലയിടങ്ങളിൽ അതിലും കൂടുതൽ നൽകുന്നുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്.
മഴ നനയാതെ ഒരു ചാക്കിൽ ചിരട്ട ശേഖരിച്ചാൽ മാസാവസാനം നല്ലൊരു വരുമാനം കിട്ടുമെന്നാണ് വീട്ടമ്മമാരുടെ സന്തോഷം. കേരളത്തിലെ ചെറുകിട ശേഖരണക്കാരിൽനിന്ന് തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ വൻകിട വ്യാപാരികളാണ് ചിരട്ട മൊത്തമായി വാങ്ങുന്നത്. ലോറിയിൽ കയറ്റി കൊണ്ടുപോകുന്ന ഈ പാഴ്‌വസ്തു അവിടെ എത്തുമ്പോൾ വിലപിടിപ്പുള്ള വ്യവസായ അസംസ്കൃത വസ്തുവായി മാറും. നമുക്ക് വെറുമൊരു ചിരട്ടയാണെങ്കിൽ വ്യവസായ ലോകത്തിന് ഇത് കറുത്ത സ്വർണമാണ്. ചിരട്ടയിൽനിന്നാണ് ഉയർന്ന ഗുണനിലവാരമുള്ള ആക്ടിവേറ്റഡ് കാർബൺ നിർമ്മിക്കുന്നത്. ജലശുദ്ധീകരണ ഫിൽറ്ററുകൾ, എയർ പ്യൂരിഫയർ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയിൽ ഇതിന് വലിയ ആവശ്യകതയുണ്ട്. മാത്രമല്ല കൊതുകുതിരി, പ്ലൈവുഡ് വ്യവസായം, ഹുക്ക കൽക്കരി, വിവിധ രാസവസ്തു ഫിൽറ്ററുകൾ എന്നിവയ്ക്കെല്ലാം കേരളത്തിലെ ഗുണമേന്മയുള്ള ചിരട്ടയ്ക്ക് വൻ ഡിമാൻഡാണ്.
ഇനി തേങ്ങയുടയ്ക്കുമ്പോൾ ചിരട്ട അടുപ്പിലേക്കല്ല, ചാക്കിലേക്കാണ് പോകേണ്ടത് എന്നാണ് സോഷ്യൽ മീഡിയയിലെ ട്രോൾ.
ഒരിക്കൽ പാഴ്‌വസ്തുവായി കണ്ടിരുന്നത് ഇന്ന് വീട്ടുകാർക്ക് ചെറിയൊരു വരുമാനമാർഗമായി മാറിക്കഴിഞ്ഞു. ഇനി ചിരട്ട വെറുതെ കളയരുത്. സൂക്ഷിച്ചുവയ്ക്കൂ, ഇത് ചെറിയൊരു സ്വർണ ഖനി തന്നെയാണ്.