സോഡയ്ക്ക്  'ഗ്യാസ് ട്രബിൾ"; മൊത്തവിലയിൽ വർദ്ധന

Sunday 24 May 2026 1:42 AM IST
സോഡ

കൊച്ചി: കാർബൺ ഡൈ ഓക്സൈഡ് ഉൾപ്പെടെ വിലകൂടിയതോടെ ജില്ലയിൽ സോഡയുടെ മൊത്തവിലയിൽ ഒരു രൂപയുടെ വർദ്ധന. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും തൊഴിലാളി ക്ഷാമവുമാണ് കാരണമെന്ന് നിർമ്മാതാക്കൾ പറയുന്നു. എന്നാൽ, ചില്ലറ വിപണിയിൽ ഇപ്പോഴും 10 രൂപയ്ക്ക് വിൽക്കുന്നതിനാൽ വർദ്ധന ഉപഭോക്താക്കളെ ബാധിക്കില്ല.

നേരത്തേ കുപ്പി ഒന്നിന് നാല് രൂപയായിരുന്ന മൊത്തവില. മൂന്ന് വർഷം മുമ്പ് അഞ്ചാക്കി. ഇതിപ്പോൾ ആറ് രൂപയാകും. കച്ചവടക്കാർ വില കൂട്ടുമോയെന്ന് വരുംദിവസങ്ങളിൽ അറിയാം. 2018ൽ ജി.എസ്.ടി നടപ്പാക്കിയപ്പോഴും വില ഉയർത്തിയിരുന്നു.

 വിലക്കയറ്റത്തിന് പിന്നിൽ

കോർക്ക്, വെള്ളം എന്നിവയുടെയും വില വർദ്ധിച്ചു. 900 രൂപയായിരുന്ന ഒരു കുറ്റി കാർബൺ ഡൈ ഓക്സൈഡിന് ഇപ്പോൾ 1200 രൂപ. ഏലൂരിലെ കമ്പനിയിൽ നിന്നാണ് ജില്ലയിലെ നിർമ്മാതാക്കൾ സിലിണ്ടർ വാങ്ങുന്നത്. 2300 രൂപയായിരുന്ന ഒരു പെട്ടി കോർക്കിന് (13 കിലോ) 3200 രൂപയായി. കമ്പനിയുടെ പേര് പ്രിന്റ് ചെയ്ത കോർക്കിന് 300 രൂപ അധികം നൽകണം. വ്യവസായിക ആവശ്യത്തിനുള്ള വെള്ളത്തിന്റെ വിലയും കൂടി.

അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് മേഖല മുന്നോട്ട് പോകുന്നത്. 700 രൂപയായിരുന്ന ദിവസക്കൂലി 1100 രൂപയായി.

 140 കമ്പനികൾ

ജില്ലയിൽ 140 ചെറുകിട സോഡാ നിർമ്മാണ യൂണിറ്റുകളാണുള്ളത്. ഒരു കെയ്സിന് (24 കുപ്പി) 144 രൂപയ്ക്കാണ് വിൽക്കുന്നത്. ഒരു യൂണിറ്റിൽ പ്രതിദിനം 40 മുതൽ 50 കേസ് വരെ സോഡ നിർമ്മിക്കുന്നുണ്ട്. വിതരണത്തിനിടെ കുപ്പികൾ പൊട്ടുന്നതും കേടുപാടുകൾ സംഭവിക്കുന്നതും നഷ്ടമുണ്ടാക്കുന്നതായി നിർമ്മാതാക്കൾ പറയുന്നു.

പ്രതിസന്ധി ഘട്ടത്തിലൂടെയാണ് സോഡാ നിർമ്മാണ മേഖല കടന്നുപോകുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലം വില വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എൻ.എ. മണി,

പ്രസിഡന്റ്,

സോഡാ നിർമ്മാണ

തൊഴിലാളി യൂണിയൻ,

എറണാകുളം