കാലവർഷം അരികെ, മഴ ശക്തമാകുന്നു
കൊച്ചി: തെക്കു പടിഞ്ഞാറൻ കാലവർഷം അരികിലെത്തിയതിനൊപ്പം ചക്രവാതച്ചുഴി ശക്തമായതോടെ വരും ദിവസങ്ങളിൽ മഴ കനക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 23 മുതൽ 27 വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യത.
കാലവർഷം തെക്കുപടിഞ്ഞാറൻ അറബിക്കടൽ, കന്യാകുമാരി, ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ എത്തി. മൂന്ന് നാല് ദിവസങ്ങൾക്കകം കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ അന്തരീക്ഷം അനുകൂലമാണ്.
ഇതിന് പുറമേയാണ് കടലിൽ രണ്ട് ചക്രവാതച്ചുഴികൾ.
ഇടിമിന്നലും ശക്തമായ കാറ്റും;
ജാഗ്രതാ നിർദ്ദേശം
23 മുതൽ 27 വരെ ജില്ലയിൽ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാദ്ധ്യതയുണ്ട്.
കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും മൺസൂൺ മുന്നോടിയായുള്ള വെള്ളക്കെട്ടുകൾ രൂപപ്പെടാനും സാദ്ധ്യതയുള്ളതിനാൽ നഗരപ്രദേശങ്ങളിലുള്ളവരും മലയോര, തീരദേശ മേഖലകളിലുള്ളവരും പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണം. ദുരന്തനിവാരണ അതോറിട്ടി നൽകുന്ന സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.