കടകളിൽ മൊബൈൽ ഫോൺ മോഷണം: യുവാവ് അറസ്റ്റിൽ
കൊച്ചി: നഗരത്തിൽ കറങ്ങിനടന്ന് കടകളിൽ നിന്ന് മൊബൈൽ ഫോണുകൾ അടിച്ചു മാറ്റുന്ന മോഷ്ടാവ് ഒടുവിൽ പൊലീസിന്റെ വലയിലായി. എറണാകുളത്ത് ആറുമാസത്തിനിടെ 15 ഓളം മൊബൈൽ ഫോണുകൾ കവർന്ന മലപ്പുറം പൊന്നാനി പുതുപൊന്നാനി ചക്കിന്റയ്യത്ത് സുഹൈലിനെയാണ് (25) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
14ന് രാത്രി പുല്ലേപ്പടി എ.എൽ ജേക്കബ് റോഡിലെ ആഡം ടീ സ്റ്റാളിൽ നടന്ന മൊബൈൽ മോഷണമാണ് പ്രതിയെ കുടുക്കിയത്. ജീവനക്കാരൻ നബിൽ കാഷ് കൗണ്ടറിന് സമീപം വച്ചിരുന്ന മൊബൈൽ ഫോണാണ് അടിച്ചുമാറ്റിയത്. ജീവനക്കാരൻ കടയുടെ പിൻഭാഗത്തേക്ക് പോയ തക്കം നോക്കിയായിരുന്നു മോഷണം. ഫോണിൽ സംസാരിച്ചു കൊണ്ട് കടയ്ക്കകത്തേക്ക് കയറുന്ന സുഹൈൽ കൗണ്ടറിൽ ആരും ഇല്ലെന്ന് ഉറപ്പാക്കി ഷെൽഫിലിരുന്ന മൊബൈൽ ഫോണുമായി പോകുന്ന സി.സി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.
കടവന്ത്രയിലെ ഒരു ജ്യൂസ് കടയിൽ ജീവനക്കാരനായ സുഹൈൽ പട്ടാമ്പി പൊലീസ് സ്റ്റേഷനുകളിലുൾപ്പെടെ മോഷണ കേസുകളിൽ പ്രതിയാണ്. ഫോണുകൾ അന്യസംസ്ഥാന തൊഴിലാളികൾക്ക് മറിച്ചു വിൽക്കുകയാണ് പതിവ്. സെൻട്രൽ എസ്.എച്ച്.ഒ എം.ജെ. ജിജോ, എസ്.ഐമാരായ സുബോധ്, രാംലാൽ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.