ടോറസ് ലോറി മറിഞ്ഞു
കൂത്താട്ടുകുളം: മണ്ണത്തൂർ ഓലിപ്പാട് ഭാഗത്ത് പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്ന് ലോഡുമായി പോയ ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ചൊവ്വ വൈകിട്ട് നാലിനാണ് സംഭവം. റോൺകോ ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് പാറമട. ആർക്കും പരിക്കില്ലെന്ന് നടത്തിപ്പുകാർ പറഞ്ഞു. പാറമടയിൽ നിന്നും കല്ല് കയറ്റി പുറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡ്രൈവർ പെട്ടെന്ന് പുറത്തേക്ക് ചാടി. മൂന്നു മാസം മുമ്പ് മാറാടി ഭാഗത്തെ പാറമടയിൽ ടോറസ് ലോറി മറിഞ്ഞ് കാക്കൂർ സ്വദേശിക്ക് ഗുരുതര പരുക്കേറ്റിരുന്നു. ആശുപത്രി ചെലവ് നൽകാമെന്ന ഉറപ്പിൽ അന്ന് പരാതി പറഞ്ഞില്ല. പിന്നീട് പാറമട ഉടമ തിരിഞ്ഞ് നോക്കിയില്ലെന്ന പരാതി ഉയർന്നിരുന്നു.